കൊച്ചി: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്. കന്യാസ്ത്രീ സ്വന്തം നിലയിൽ അപ്പീൽ നൽകുമെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്നും ഫാ. വട്ടോളി അറിയിച്ചു. ഉന്നത കോടതികളിൽ നിന്നും ഇരക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നത്. മഠത്തിൽ തുടർന്ന് തന്നെയാകും കന്യാസ്ത്രീയുടെ നിയമ പോരാട്ടം. ഇരയുടെ മൊഴിയിൽ കുത്തും കോമയും കുറഞ്ഞത് നോക്കി ആയിരുന്നില്ല സുപ്രധാനമായ ഈ കേസിൽ കോടതി വിധി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read-‘ഉദ്യോഗസ്ഥർ മഠത്തിൽ കുടിച്ച് കൂത്താടി, പിതാവ് നന്ദിയുള്ളവൻ, മോശക്കാരനെന്ന് പറഞ്ഞാൽ സഭയോടുള്ള വിശ്വാസം നഷ്ടപ്പെടും’; ഫ്രാങ്കോ മുളയ്ക്കലിനെ കൈമുത്തി സ്വീകരിച്ച് പിസി ജോർജ്
വിചാരണക്കോടതി വിധിക്കെതിരെ സർക്കാരും ഉടൻ അപ്പീൽ നൽകണമെന്നും അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടു. അതിനിടെ, കേസിൽ അതിവേഗം അപ്പീൽ നൽകാൻ പോലീസും ഒരുങ്ങുന്നെന്നാണ് സൂചന. അടുത്ത ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കേസിലെ ഇരയായ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങുമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖം മറയ്ക്കാതെ അതിജീവിത പൊതുസമൂഹത്തിലേക്കെത്തുമെന്നും അവർ മാധ്യമങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.