ഈരാറ്റുപേട്ട: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിസി ജോർജിനെ സന്ദർശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കൽ പിസി ജോർജുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഫ്രാങ്കോ മുളയ്ക്കനെ ആലിംഗനം ചെയ്തും കൈയിൽ മുത്തിയുമാണ് പിസി ജോർജ് സ്വീകരിച്ചത്.
സ്വാഭാവിക സന്ദർശനം മാത്രമാണ് നടന്നതെന്നും ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിസി ജോർജ് പറഞ്ഞു. മതവിശ്വാസവും കുടുംബ ജീവിതവും തകർത്ത് നക്സലിസവും കമ്മ്യൂണിസവും വളർത്താനാകുമെന്ന് തെറ്റായ ധാരണയാണ് ഇതിനെല്ലാം കാരണമെന്നും പിസി ജോർജ് കുറ്റപ്പെടുത്തി.
‘ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്തെന്ന് പറഞ്ഞാൽ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യൻ മതവിശ്വാസികൾക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്.’അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകർക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികൾ ചെയ്ത മര്യാദകേടാണ് താൻ ചൂണ്ടികാണിക്കുന്നത്. ലോകം മുഴുവൻ ബ്ലാക്ക് മാസിന്റെ പ്രവർത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പിസി ജോർജ് കുറ്റപ്പെടുത്തി.
കേസിന്റെ വിധിക്കെതിരെ പ്രതികരിച്ച മുൻ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പിസി ജോർജ് ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. അപ്പീൽ കൊടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഹരിശങ്കർ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോർജ് പറഞ്ഞു.
ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സർക്കിളിനേയും മഠത്തിൽ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോർജ് ആരോപിച്ചു. താൻ രാത്രിചെല്ലുമ്പോൾ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post