കാസർകോട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് പരപ്പയിൽ സ്വദേശിയാണ് പെൺകുട്ടി.
പെൺകുട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ വകുപ്പുകൾ പ്രകാരം 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രണ്ട് ദിവസം മുമ്പെയാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശവാസിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാ ശ്രമം നടന്ന ദിവസം യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി മെബൈലിൽ നിന്ന് സിം കാർഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പിന്നാലെയാണ് പെൺകുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.