കോഴിക്കോട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ രൂക്ഷവിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധിയാണിതെന്ന് 289 പേജുള്ള വിധിയുടെ പകർപ്പ് വായിച്ച ശേഷം ഹരീഷ് വാസുദേവൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനൽ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം.. അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവളാകുമെന്ന് ഹരീഷ് കുറിക്കുന്നു.
പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിധി അനീതിയാണ്, നാളെ ഇത്തരം സഹചര്യങ്ങളിൽ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങൾ ഉൾക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകളെന്നും അദ്ദേഹം തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
289 പേജുള്ള വിധി വായിച്ചു. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധി.
പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനൽ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം.. അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവളാകും..
പ്രോസിക്യൂഷന്റെ കേസും പരാതിക്കാരിയുടെ മൊഴികളും തെറ്റാണെന്ന് സ്ഥാപിക്കാൻ മിനക്കെട്ടുള്ള ജഡ്ജിയുടെ ശ്രമമാണ് ആത്യന്തം. അതിനുള്ള കുയുക്തികൾ, കാരണങ്ങൾ, ലിങ്കുകൾ ഒക്കെ കണ്ടെത്തലാണ് ആകെ വിധിയുടെ പണി.
പരാതിക്കാരി വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാൻ ജഡ്ജി ഗോപകുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. നെല്ലും പതിരും വേർതിരിക്കാൻ ബുദ്ധിമുട്ടായതിനാൽ ഉള്ള തെളിവുകളും തള്ളിക്കളയുന്നു എന്ന് സംക്ഷിപ്തം. പലവട്ടം കയറിപ്പിടിച്ചു, വിരലുകൾ യോനിയിൽ ബലമായി കടത്തി, ലിംഗം വായിൽ കടത്തി ഇതൊന്നും കോടതിക്ക് വിഷയമല്ല, ലിംഗം യോനിയിൽ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോൾ വ്യക്തമായി പറഞ്ഞില്ല എന്നത് കൊണ്ട് ബാക്കിയൊക്കെ അവിശ്വസനീയം.. എങ്ങനെണ്ട്?
ഫ്രാങ്കോയും ഇരയും തമ്മിൽ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താൻ വിധിയിൽ ശ്രമം. പീഡനം കഴിഞ്ഞും കാറിൽ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയിൽ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നു വ്യംഗ്യം..
പരാതിയിൽ, പൊലീസിന് കൊടുത്ത മൊഴിയിൽ, കോടതിയിൽ കൊടുത്ത മൊഴിയിൽ, ഡോക്ടർ എഴുതിയ മൊഴിയിൽ ഒക്കെ ചില വ്യത്യാസങ്ങൾ ഉള്ളതൊക്കെ വലിയ വൈരുധ്യങ്ങളാക്കി, ആയതിനാൽ വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്ന് സ്ഥാപിക്കാൻ വിധിയിൽ ജഡ്ജി നല്ല വിയർപ്പൊഴുക്കിയിട്ടുണ്ട്..
ഇത്തരം കേസുകളിൽ എത്രനാൾക്കുള്ളിൽ പരാതിപ്പെടണമെന്നു നിയമവ്യവസ്ഥ പറയുന്നില്ലെങ്കിലും 8 മാസം വൈകിയത് ദുരൂഹമാണെന്നു ജഡ്ജിക്ക് തോന്നുന്നു..
കേസിനു ആധാരമായ സംഭവങ്ങൾ മാത്രമല്ല ഗോപകുമാർ ജഡ്ജി വിലയിരുത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം ദുരുദ്ദേശപരം ആയിരുന്നെന്നും നീതി ഉദ്ദേശിച്ചുള്ളത് അല്ലെന്നും ജഡ്ജി വിധിച്ചിട്ടുണ്ട്.. അതേത് വകുപ്പിൽ എന്നു ചോദിക്കരുത്..
പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്കുന്നു.
വിധി അനീതിയാണ്, നാളെ ഇത്തരം സഹചര്യങ്ങളിൽ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങൾ ഉൾക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകൾ..
അപ്പീലിന് നല്ല സ്കോപ്പുള്ളതാണ്.
സ്റ്റേറ്റ് അപ്പീൽ പോകണം..
വിധി എങ്ങനെയൊക്കെ തെറ്റാണെന്നും പൊതുസമൂഹത്തോട് പറയണം..
Discussion about this post