പാര്‍ലമെന്റ് വളപ്പില്‍ വിപുലമായി കഞ്ചാവ് കൃഷി ചെയ്ത ഗോത്രരാജാവിനെ കൈയ്യോടെ പിടികൂടി പോലീസ്.
ദക്ഷിണാഫ്രിക്കയിലാണ് സംഭവം. പ്രസിഡന്റ് സിറില്‍ രാമഫോസയുടെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പാര്‍ലമെന്റ് പ്രിട്ടോറിയയിലെ യൂണിയന് ബില്‍ഡിങ്സ് വളപ്പിലായിരുന്നു കഞ്ചാവ് കൃഷി. ഗോത്രരാജാവായ ‘കിങ് ഖൊയ്സാനെ’യാണ് പോലീസ് പിടികൂടിയത്.
ഖൊയ്സാന്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ വലിച്ചുപറിച്ച് ദൂരെയെറിയുന്നതിന്റെയും ഇതിനു തടയിടാനായി കഞ്ചാവ് ചെടികളില്‍ കെട്ടിപ്പിടിച്ച് ഖൊയ്സാന്‍ രാജാവ് പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മൂന്നു വര്‍ഷമായി ഖൊയ്സാന്‍ ഗോത്രങ്ങളിലെ അംഗങ്ങള്‍ സമരവുമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതിനിടെയാണു ഗോത്രത്തലവന് കഞ്ചാവുകൃഷി നടത്തിയത്. ദഗ്ഗ എന്നാണ് കഞ്ചാവ് ദക്ഷിണാഫ്രിക്കയില്‍ അറിയപ്പെടുന്നത്.
തന്റെ കഞ്ചാവ് കൃഷി നശിപ്പിച്ചതിലൂടെ പോലീസ് വിനാശം ക്ഷണിച്ചുവരുത്തിയെന്നും യുദ്ധം പ്രഖ്യാപിക്കുന്നെന്നും ഖൊയ്സാന്‍ രാജാവ് ആഹ്വാനമിറക്കിയതോടെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
പാര്‍ലമെന്റ് വളപ്പില്‍ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തത്, കോവിഡ് വ്യാപനം ശക്തമായിരിക്കെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നത് തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
രാജാവിനെ വിട്ടുകിട്ടാനായി ഖൊയ്സാന്‍ ഗോത്രവംശജര്‍ ഇന്നലെ ഗോത്ര ആചാരങ്ങളും പ്രാര്‍ഥനകളും നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ തയ്യാറാകുന്നില്ലെന്നു ഖൊയ്സാന്‍ രാജാവിന്റെ ഭാര്യയും ഗോത്രവംശജരുടെ റാണിയുമായ സിന്തിയ പറഞ്ഞു. ഇവരും രാജാവിനൊപ്പം ഇവിടെ സമരത്തില്‍ പങ്കെടുത്തിരുന്നു.
Discussion about this post