കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ തന്നെ കുറ്റവിമുക്തനാക്കപ്പെട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. സഹോദരങ്ങളെ കെട്ടിപ്പിടിച്ചു വിതുമ്പിയാണ് ബിഷപ്പ് കോടതി മുറിക്കുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. കോടതി വിധിയിൽ ‘ദൈവത്തിന് സ്തുതി’യെന്ന് മാത്രമായിരുന്നു ബിഷപ്പ് പ്രതികരിച്ചത്. ഒറ്റവാക്കിൽ പ്രതികരിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ കാറിൽ കയറി മടങ്ങി.
ഈ സമയം, ബിഷപ്പിന്റെ അനുയായികളുടെ വലിയ ആരവവും പ്രാർഥനകളും കോടതിക്ക് പുറത്ത് ഉയരുന്നുണ്ടായിരുന്നു. വിധി കേൾക്കാനായി വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് കോടതി മുറിയിലെത്തിയിരുന്നു. 105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ കേസിൽ വിധി പറഞ്ഞത്.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത പ്രസ്താവനയിൽ അറിയിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.
തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.