കോട്ടയം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്റെ പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണെന്ന പ്രതികരണവുമായി നടി ഭാമ. പ്രചരിച്ച വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ക്ഷേമം അന്വേഷിച്ച എല്ലാവർക്കും താരം നന്ദിയും അറിയിച്ചു.
ഭാമയുടെ കുറിപ്പ്: ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ..ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’
നടിയെ ആക്രമിച്ച കേസിൽ ഭാമ ഉൾപ്പടെയുള്ള താരങ്ങൾ നേരത്തെ കോടതിയിൽ മൊഴി മാറ്റിയിരുന്നു. കേസിലെ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് കൂറുമാറിയവർക്ക് എതിരെ അന്വേഷണമുണ്ടാകുമെന്ന് ക്രൈം ബ്രാഞ്ചും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാമയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രചാരണങ്ങൾ നടന്നത്.
ഇതിനിടെ അമിതമായ ഡോസിൽ ഉറക്ക ഗുളിക കഴിച്ച് കൊച്ചിയിൽ ആശുപത്രിയിൽ കഴിയുന്ന യുവനടി ഭാമയാണെന്നും സോഷ്യൽമീഡിയയിലെ ചില ഗ്രൂപ്പുകളും യൂട്യൂബ് ചാനലുകളും പ്രചാരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ വിശദീകരണ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.
Discussion about this post