കോഴിക്കോട്: കടലില്‍ മീന്‍ പിടിയ്ക്കാനിട്ട വലയില്‍ കുടുങ്ങിയ പോത്തിനെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍. കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് പോത്ത് കുടുങ്ങിയത്.
ബുധനാഴ്ച രാത്രി 12നാണ് കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അറഫ ഷദ എന്ന വള്ളത്തിലുള്ളവരുടെ ശ്രദ്ധയില്‍ പോത്ത് പെടുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എടി ഫിറോസ്, എടി സക്കീര്‍, ടിപി പുവാദ് എന്നിവരാണ് കടലില്‍ വച്ച് പോത്ത് എത്തിയത്.
കരയില്‍ നിന്ന് 2 കിലോമീറ്ററോളം കടലില്‍ ദൂരത്തെത്തി മീന്‍ പിടിക്കുന്നതിനായി വല ഇട്ടപ്പോഴാണ് അസാധാരണ ശബ്ദത്തിന് ഒപ്പം പോത്തിനെ ശ്രദ്ധയില്‍ പെട്ടത്. മീന്‍ പിടിക്കുന്നതിന് വലയിട്ടപ്പോള്‍ ഇരുട്ടില്‍ ശബ്ദം കേട്ട് ഭയന്നെങ്കിലും ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പോത്തിനെ കാണുന്നത്. ഇതോടെ പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി.
എന്നാല്‍, ഭയന്ന പോത്ത് അടുത്തില്ല. ഇതോടെ സമീപത്ത് ഉണ്ടായിരുന്ന സല റിസ ഉള്‍പ്പെടെയുള്ള മറ്റ് വള്ളങ്ങളിലുള്ളവരുടെയും സഹായം തേടി. സല റിസ വള്ളത്തിലെ മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറില്‍ മറ്റൊരു കയര്‍ കെട്ടി പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. പിന്നീട് പോത്തിനെ വള്ളത്തോട് ചേര്‍ത്ത് നിര്‍ത്തി തിരികെ കരയിലേക്കു യാത്ര തിരിച്ചു.
വളരെ സാവധാനത്തില്‍ മാത്രമാണ് സഞ്ചരിക്കാനായത്. വേഗത കൂട്ടുമ്പോള്‍ പോത്ത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സ്ഥിതിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ പോത്തിന്റെ ചവിട്ടടക്കം ഇവര്‍ക്ക് ഏല്‍ക്കേണ്ടിവരികയും ചെയ്തു. കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവര്‍ ഉടമക്ക് കൈമാറി.