എടുത്ത് വയ്ക്കാന്‍ പറഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനം: ഉടമയ്ക്ക് തന്നെ നല്‍കി സത്യസന്ധതയുടെ മുഖമായി ലോഹിതാക്ഷന്‍

തൃശ്ശൂര്‍: നമ്പര്‍ പോലും നോക്കാതെ എടുത്ത് ഏല്‍പ്പിച്ച ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചിട്ടും തിരിച്ചുനല്‍കി ലോട്ടറിക്കാരന്റെ സത്യസന്ധത. തൃശൂര്‍ യദൂകൃഷ്ണ ലോട്ടറി ഉടമയായ ലോഹിതാക്ഷനാണ് സത്യസന്ധതയുടെ മുഖമായത്.

തമിഴ്‌നാട് സ്വദേശിയായ ധര്‍മജന്‍ എടുത്ത വിന്‍വന്‍ ഭാഗ്യക്കുറിയ്ക്കാണ് എഴുപത്തിയഞ്ചു ലക്ഷം രൂപ ഒന്നാംസമ്മാനം അടിച്ചത്. നമ്പര്‍ പോലും നോക്കാതെ ധര്‍മജന്‍ എടുത്ത് വയ്ക്കാന്‍ പറഞ്ഞ ടിക്കറ്റാണ് ഭാഗ്യംകൊണ്ടുവന്നത്.

ധര്‍മജന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നത് തൃശൂര്‍ യദൂകൃഷ്ണ ലോട്ടറീസില്‍ നിന്നാണ്. വിന്‍വന്‍ ഭാഗ്യക്കുറിയുടെ പന്ത്രണ്ടു ടിക്കറ്റുകള്‍ എടുത്ത് മാറ്റിവയ്ക്കാന്‍ ധര്‍മജന്‍ പറഞ്ഞു. തുക ഗൂഗിള്‍പേ ആയി നല്‍കി. പന്ത്രണ്ട് ടിക്കറ്റും ധര്‍മജന്റെ പേരില്‍ ലോട്ടറിക്കട ഉടമ ലോഹിതാക്ഷന്‍ മാറ്റിവച്ചു.

Read Also: ഏഴ് മണിക്കൂര്‍ നീണ്ട പരിശോധന, ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു: ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; തോക്ക് കണ്ടെത്താനായില്ല

ഫലം വന്നപ്പോള്‍ ഈ ടിക്കറ്റുകളില്‍ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. എഴുപത്തിയഞ്ചു ലക്ഷം രൂപയുടെ സമ്മാനം. ഈ ടിക്കറ്റ് വേണമെങ്കില്‍ സ്വന്തം പേരിലാക്കാന്‍ ലോഹിതാക്ഷന് കഴിയുമായിരുന്നു. കാരണം, ടിക്കറ്റുകളുടെ നമ്പറുകള്‍ ധര്‍മജന് അറിയില്ലായിരുന്നു. പക്ഷേ, ധര്‍മജന് തന്നെ ടിക്കറ്റ് നല്‍കി ലോഹിതാക്ഷന്‍ മാതൃക കാട്ടി. സമ്മാനമടിച്ച ടിക്കറ്റ് ധര്‍മജന്‍ ഏറ്റുവാങ്ങി.

പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡില്‍ ലോട്ടറിക്കട നടത്തുകയാണ് ലോഹിതാക്ഷന്‍. ജോലിയില്‍ സത്യമുണ്ടാകണമെന്ന്് നിര്‍ബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. സമാനമായി ഒട്ടേറെ തവണ ഇതുപോലെ സമ്മാനമടിച്ച ടിക്കറ്റുകള്‍ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പിച്ചിട്ടുണ്ട്.

Exit mobile version