കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട പരിശോധന അവസാനിച്ചു. പോലീസ് അന്വേഷിക്കുന്നു എന്ന് പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം.
നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങിയത്. ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂര്‍ത്തിയായത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വിചാരണക്കോടതിയില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റ് ചകോടതിയില്‍ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു. തുടരന്വേഷണ ടീമിലെ നെടുമ്പാശ്ശേരി എസ്.ഐ ദിലീപിന്റെ വീട്ടില്‍ പരിശോധനക്കുണ്ടായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഒരു തോക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് കണ്ടെത്താനാണ് പരിശോധനയെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞത്.
ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നാണ് പോലീസ് നിലപാട്. ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ പറയുന്ന മറ്റു വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളും അന്വേഷണസംഘം തേടുന്നുണ്ട്. സൈബര്‍ വിദഗ്ധരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം.
ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീടിന് പുറമെ അനുജന്‍ അനൂപിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയിലും പരിശോധന നടന്നിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുടെ തെളിവുകള്‍, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന കേസിലെ തെളിവുകള്‍ എന്നിവ തേടിയായിരുന്നു പരിശോധന.
അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പുറത്തുനിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. ഗേറ്റ് ചാടിയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്, ശേഷം ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്ന് നല്‍കിയത്. ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടില്‍ പരിശോധന നടത്തിയത്.
നടന്‍ ദിലീപ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന ഗൂഢാലോചന കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഫ്രീസ് ചെയ്ത് നിര്‍ത്തിയായിരുന്നു ദിലീപ് ഇവര്‍ക്ക് എതിരെ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തേടി കൂടിയായിരുന്നു പരിശോധന. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വിഐപിക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ എത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വിഐപി വന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിച്ചത്.
ഒന്നാം പ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, പിന്നീട് ഈ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.