കണ്ണൂർ: സെർവർ തകരാറുകൾ പരിഹരിച്ചിട്ടും ചൊവ്വാഴ്ച പ്രത്യേക താൽപര്യത്തോടെ റേഷൻ കടകൾ അടച്ചിട്ട ലൈസൻസികളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ പറഞ്ഞു. ജനങ്ങളെ സഹായിക്കേണ്ടവരാണ് റേഷൻ വ്യാപാരികൾ എന്ന ബോധ്യം ലൈസൻസികൾക്കുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും കണ്ണൂർ കോർപ്പറേഷനിലെ ഉദ്ഘാടനം കണ്ണൂർ പോലീസ് സഭാഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച തുറന്ന നാലായിരം റേഷൻ കടകൾ വഴി ഒരു ലക്ഷത്തി തൊണ്ണൂറായിരം കുടുംബങ്ങൾ റേഷൻ വാങ്ങിയതായാണ് കണക്ക്. റേഷൻ വിതരണത്തിൽ ഒരു തടസ്സവും ഇപ്പോഴില്ല. എങ്കിലും ചില സർവർ തകരാറുകൾ പൂർണ്ണമായി പരിഹരിക്കാൻ രാവിലെ ഏഴ്ജില്ലകൾ, ഉച്ചക്ക് ശേഷം ഏഴു ജില്ലകൾ എന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കാണിത്-മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ന്യായവിലക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കാനാണ് സർക്കാറിന്റെ ശ്രമം. അതിന്റെ ഭാഗമായി സപ്ലൈകോ ഷോറൂമുകൾ നവീകരിക്കും. മാർച്ചോടെ കേരളത്തിലാകെ ഓൺലൈൻ വിൽപനക്കുള്ള സൗകര്യം ഏർപ്പെടുത്തും. വരും വർഷം കൂടുതൽ മൊബൈൽ ഔട്ട് ലെറ്റ് വാഹനങ്ങൾ പുറത്തിറക്കും. പൊതുവിതരണ രംഗത്ത് സാധാരണക്കാരായവർ ആശ്രയിക്കുന്ന സ്ഥാപനമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാറിക്കഴിഞ്ഞു. വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ എഫ് സി ഐ ഉദ്യോഗസ്ഥരുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഏർപ്പെടുത്തും.മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ആദ്യ ഓൺലൈൻ വിൽപ്പന നടത്തി. കഴിഞ്ഞ മാസം 80 ലക്ഷം രൂപയുടെ വിൽപ്പന നടത്തിയ സപ്ലൈകോ കണ്ണൂർ സൂപ്പർ മാർക്കറ്റ് ഒഎസി കെവി ബിജു, ഡിപ്പോ മാനേജർ ജി മാധവൻ പോറ്റി എന്നിവർക്ക് മന്ത്രി ജിആർ അനിൽ ഉപഹാരം നൽകി.
‘സപ്ലൈ കേരള’ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്താണ് ഓൺലൈൻ ഓർഡറിനുപയോഗിക്കേണ്ടത്. എല്ലാ ബ്രാന്റ് ഉൽപന്നങ്ങൾക്കും എംആർപിയിൽ നിന്നും അഞ്ചു മുതൽ മുപ്പത് ശതമാനം വരെ വിലക്കിഴിവും ഓരോ ഓൺലൈൻ ബില്ലിന് അഞ്ച് ശതമാനം കിഴിവും സപ്ലെകോ ഏർപ്പെടുത്തിയിട്ടുണ്ട്.
കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, സപ്ലെകോ കോഴിക്കോട് റീജിയണൽ മാനേജർ എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Discussion about this post