കൊച്ചി: ആലുവയിലെ പത്മസരോവരത്തില്‍ റെയ്ഡ് നടക്കുന്നതിനിടെ വീട്ടിലേക്ക് പാഞ്ഞെത്തി നടന് ദിലീപ്. റെയ്ഡിന് പോലീസ് എത്തിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടികിടക്കുന്നു. ഒന്നും ആലോചിക്കാതെ ഒരു പോലീസുകാരന് മതില് ചാടി. അപ്പോള്‍ കണ്ടത് വീട്ടു ജോലിക്കാരെ. ചാനലുകളിലെ വാര്‍ത്ത കണ്ട് എത്തിയ ദിലീപിന്റെ സഹോദരി വീട് പൂട്ടു തുറന്നു നല്കി. പോലീസ് വീട്ടിനുള്ളില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ദിലീപും എത്തി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന് ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
രാവിലെ 11:30-ഓടെയാണ് ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലേക്ക് അന്വേഷണസംഘം എത്തിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന് അനൂപിന്റെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം ഇന്നോവ കാര്‍ ഓടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.
ആരും ദിലീപിനെ തിരിച്ചറിഞ്ഞില്ല. കണ്ണടവച്ചായിരുന്നു അതിവേഗം കാറില്‍ വീട്ടിനുള്ളിലേക്ക് ദിലീപ് കടന്നത്. ദിലീപിന്റെ സഹോദരനാണ് ഇതെന്നാണ് എല്ലാവരും കരുതിയത്. പിന്നീട് പുറത്തിറങ്ങിയ ശേഷം റെയ്ഡില്‍ ദിലീപിന്റെ സാന്നിധ്യം ഉണ്ടെന്ന് എസ്പി സമ്മതിച്ചു. ഇതോടെ വീട്ടിനുള്ളില്‍ ദിലീപുണ്ടെന്ന അഭ്യൂഹമെത്തി. പിന്നീട് ദൃശ്യ പരിശോധനയിലാണ് വീട്ടിലേക്ക് കാറില്‍ പോയത് ദിലീപാണെന്ന് വ്യക്തമായത്.
രണ്ടു പോലീസുകാരാണ് മതില് ചാടിക്കടന്നത്. വാതില്‍ പുറത്തു നിന്ന് പൂട്ടി സഹോദരി താക്കോലുമായി പോയി എന്നു വേണം അനുമാനിക്കാന്‍. വെള്ളിയാഴ്ച വരെ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യില്ല. ഹൈക്കോടതിയുടെ ഉത്തരവ് ദിലീപിന് അനുകൂലമായുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിര്‍മ്മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന് അനൂപിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്ബനിയില്‍ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകള്‍ തേടി പരിശോധന നടത്തുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് റെയ്ഡ്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.
Discussion about this post