‘തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം! ‘ എന്ന വാചകം കേരളീയ സാംസ്കാരികപൊതുബോധത്തെ സംബന്ധിച്ചിടത്തോളം അത്ര അത്ഭുതകരമായ ഒരു വാചകമേയല്ല . ‘ചെറ്റ ‘യും ‘പുലയാടി ‘ യും ‘കഴുവേറി’യും ‘തോട്ടി’ യും ‘കാട’നും ‘അമ്പട്ട’നും തെറിപ്പദങ്ങളായി ഉപയോഗിക്കുന്നവര്‍ക്ക് ഈ വാചകത്തില്‍ ഒരു പ്രശ്നവും തോന്നേണ്ട കാര്യവുമില്ല,. ടോയ്ലറ്റ് പേപ്പറിന്റെ നിലവാരം പോലുമില്ലാത്ത ഒരു പത്രത്തില്‍ വന്ന കാര്‍ട്ടൂണല്ല പ്രശ്നം. ആ പൊതുബോധമാണ്. ആ പൊതുബോധം തന്നെയാണ് വിചാരണ ചെയ്യപ്പെടേണ്ടതും.
‘ചോവന് ചെത്താന്‍ പോകട്ടെ! തമ്പ്രാന് നാടു ഭരിക്കട്ടെ!’ -എന്ന കാഴ്ചപ്പാട് തന്നെയാണ് ഇത്തരം കാര്ട്ടൂണുകള് ഉള്‍പ്പേറുന്നത്. ജാതി-ജന്മി-നാടുവാഴി കാലഘട്ടത്തില്‍ നിന്നും മലയാളി നടന്നുതീര്‍ത്ത കുറെ വഴികളുണ്ട്. ആ വഴികളെ മൊത്തം നിരാകരിച്ചുകൊണ്ടുള്ള ഇത്തരം ദുര്‍ഗന്ധച്ചിരികളില്‍ നിന്ന് അകന്നു നിന്നുകൊണ്ടുവേണം മനുഷ്യര്‍ സംസാരിക്കാന്‍.
ഇത്തരം ദുര്‍ഗന്ധച്ചിരികള്‍ക്ക് ഏറെ കാലപ്പഴക്കമുണ്ട്. അതിനൊരു സാര്‍വ്വകാലിക സ്വഭാവവുമുണ്ട്. ‘നമ്മള് ശ്വസിക്കുന്ന വായുവൊന്ന്, കുടിക്കുന്ന വെള്ളമൊന്ന്, നിലവിളിക്കുന്ന ഭാഷയൊന്ന്, മുറിഞ്ഞാലൊഴുകുന്ന ചോരയൊന്ന് ‘ എന്നൊക്കെയുള്ള ‘വ്യാജ’ഐക്യ ബോധത്തിനപ്പുറം ഇപ്പോഴും ഒന്നാകാത്ത ചിലതുണ്ട്. അത് പലരില്‍നിന്നും ഇപ്പോഴും പുളിച്ചു തികട്ടുന്നുമുണ്ട്. അത്തരം പുളിച്ചു തേട്ടലുകളുടെ ഭിന്നമുഖങ്ങള്‍ ചുറ്റിലും നാം നിത്യേന കാണുന്നുണ്ട്.
അത് നമ്മുടെ ഞായറാഴ്ചപ്പത്രങ്ങളിലെ മാട്രിമോണിയല്‍ കോളത്തിലുണ്ട്. അടുത്തിരിക്കുന്നവന്റെ എസ് എസ് എല്‍ സി ബുക്കിലെ ഒന്നാം പേജിലെ ജാതിക്കോളത്തിലേക്ക് ഏറു കണ്ണിട്ടു നോക്കുന്നവനിലുണ്ട്. ഉത്തരാധുനിക കഥാകൃത്തിന്റെ മൈക്കിനു മുമ്പിലെത്തുമ്പോഴുള്ള ‘കീഴാളസൗഹൃദ സ്മരണകളി’ലുണ്ട്. ജാതിയില്‍ താണ കൂട്ടുകാരന്റെ വീട്ടില്‍നിന്നും താന്‍ കഴിച്ച ചാളക്കറിയുടെ സ്വാദു പറഞ്ഞുള്ള ‘അമ്പട ഞാനേ!’ നൊസ്റ്റിവിരേചനത്തിലുണ്ട്. അത്ര ‘പന്തി’യല്ലാത്ത ചില ‘ഭോജന’ ങ്ങളെക്കുറിച്ചുള്ള പ്രിവിലേജ് ഛര്ദ്ദികളിലുണ്ട്.
എത്ര തൂത്തെറിഞ്ഞാലും വിട്ടുപോകാത്ത ഒരു സാംസ്കാരികശക്തിയാണ് ഇന്നും ജാതി. അതുകൊണ്ടാണ് നമ്പൂരി പാടത്തിറങ്ങി ചേറില്‍ കുളിച്ചു നില്‍ക്കുന്നത് നമുക്കിപ്പോഴും നാലുകോളം വാര്‍ത്തയാകുന്നത്. തോട്ടിയുടെ മകന് കളക്ടറാകുന്നത് അത്ഭുതമാകുന്നതും അതുകൊണ്ടുതന്നെയാണ്.
ഒരു ശരാശരി മലയാളി ഇപ്പോഴും ഒരു ‘ജാതി’ മനുഷ്യന് തന്നെയാണ്. പ്രദീപന് പാമ്പിരിക്കുന്ന് പറഞ്ഞപോലെ ,’വീട്ടിലേക്ക് തിരിച്ചു ചെല്ലുന്ന ഒരാള്‍ ജാതിയിലേക്ക് തന്നെയാണ് തിരിച്ചു ചെല്ലുന്നത്. അവിടെ നടക്കുന്നതും നടക്കാനിടയുള്ളതുമായ എല്ലാ ചടങ്ങുകളും മുമ്പത്തേതിനേക്കാള്‍ ജാതീയവും മതപരവുമാണ്. ‘ചോറൂണ് ‘, ‘ വിവാഹം ‘, ‘വിവാഹനിശ്ചയം’, ‘ ഗൃഹപ്രവേശം’ തുടങ്ങിയവയെല്ലാം ജാതിയാല്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. റെയില്‍വേ സ്റ്റേഷനിലോ സിനിമാതിയേറ്റര്‍ ക്യൂവിലോ മാര്‍ക്കറ്റിലോ മാത്രം അവരില്‍ ജാതിരഹിത ബോധം പ്രവര്‍ത്തിക്കുന്നു.’
‘ജാതിരഹിതസമൂഹം’ എന്നതൊക്കെ നമുക്കിപ്പോഴും കേള്‍ക്കാനിമ്പമുള്ള ഒരു സമസ്തപദം മാത്രമാണ്. മലയാളിയുടെ വരേണ്യബോധത്തിനും കീഴാള അധിക്ഷേപത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും ഒരു മാറ്റവുമില്ല. ‘ലുലുമാള്‍ കണ്ട അട്ടപ്പാടിക്കാരന്‍’ എന്ന തമാശയ്ക്ക് ആര്‍ത്തു ചിരിക്കാന്‍ നമുക്ക് കഴിയുന്നത് അതുകൊണ്ടാണ്. ‘ആദിവാസികളും ദലിതരുമായ ആളുകള്‍ വിദ്യാഭ്യാസം നേടുകയോ സമ്പന്നരാവുകയോ ചെയ്താല്‍ അവരുടെ ജാതിക്കാരെ വിവാഹം കഴിക്കാതെ മറ്റുള്ള ജാതിക്കാരെ തിരക്കിപ്പോകുന്നത് അവര്‍ക്ക് വെളുത്ത കുഞ്ഞുങ്ങളുണ്ടാകാനാണെ’ന്ന സവര്‍ണ ഛര്‍ദിയെ നമുക്ക് ന്യായീകരിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെയാണ്.
നമ്മുടെ ചിരികളൊന്നും അത്ര നിഷ്കളങ്കമല്ല. മാനേജ്മെന്റിനെ ‘മൂക്കുകയര്‍ ഇടു’മെന്ന് മുണ്ടശ്ശേരി പണ്ട് കേരളനിയമസഭയില്‍ പ്രസംഗിച്ചപ്പോള്‍ ‘മന്ത്രി മുന്‍പ് കാളവണ്ടിക്കാരനായിരുന്നോ ?” എന്ന ചോദ്യം ഇപ്പോഴും നിയമസഭാചരിത്രത്തിലുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തി ,നിയമസഭാ പ്രസംഗത്തിനിടയില്‍ ‘മിസ്റ്റര്‍ ‘ ചേര്‍ത്ത് ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവ എം എല്‍ എ യെ പേര് വിളിച്ചതിന് ”ഹമ്പട! ഇവനിത്രയ്ക്കായോ?’ എന്ന അമ്പരപ്പില്‍ മൂക്കുംകുത്തി വീണ്, അദ്ദേഹത്തെ ‘ആറാട്ട് മുണ്ടനെ’ന്ന് അധിക്ഷേപിച്ച വ്യക്തിയെ നമ്മളിപ്പോഴും നിയമസഭയിലേക്ക് കയറ്റിയിരുത്തിയിട്ടുണ്ട്. അയാളുടെ വംശീയാധിക്ഷേപങ്ങള്‍ക്കും മനുഷ്യ വിരുദ്ധതയ്ക്കും സ്ത്രീനിന്ദയ്ക്കുമെല്ലാം ഇപ്പോഴും കൂട്ടച്ചിരികളും കയ്യടികളും മുഴങ്ങുന്നുണ്ട്. ആറാട്ട് മുണ്ടന്‍ എന്ന വാക്ക് അത്ര നിഷ്കളങ്കമൊന്നുമല്ല. ആറാട്ടിന് രാജാവെഴുന്നള്ളുമ്പോള്‍ രാജാവിന് കണ്ണു തട്ടാതിരിക്കാന്‍ ഉയരം കുറഞ്ഞ മുണ്ടനും വിരൂപമായ ആളെ വേഷം കെട്ടിച്ച് മുമ്പില്‍ നടത്തിക്കും. അയാളെ വിളിക്കുന്ന പേരാണത്.
മനുഷ്യവിരുദ്ധതയിലാണ് നമ്മുടെ പലവാക്കുകളും ചിരികളും ഉല്പാദിപ്പിക്കപ്പെടുന്നത്. ജാതി സമൂഹത്തില്‍നിന്നും മനുഷ്യ സമൂഹത്തിലേക്ക് ഇനിയും എത്രയോ കാതം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന ബോധം തന്നെയാണ് ഇത്തരം ചിരികള്‍ അക്കമിട്ടുറപ്പിക്കുന്നത്. ‘ശൂദ്രന് ‘ എന്ന വാക്കിന് ‘ പത്തപ്പന്‍ മക്കള്‍ ‘ എന്നര്‍ത്ഥം കൊടുത്ത ഗുണ്ടര്‍ട്ട് നിഘണ്ടു ആണ് പലരുടെയും കയ്യിലിപ്പോഴുമുള്ളത്. ചായക്കടക്കാരന് പ്രധാനമന്ത്രിയായതിനെയല്ല ലോകം കണ്ട ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നിനെ ‘every action there is an equal and opposite reaction !’എന്ന ന്യൂട്ടന് സമവാക്യമുപയോഗിച്ച് നിസ്സാരവല്‍ക്കരിച്ച വ്യക്തി പ്രധാനമന്ത്രിയായതിനെയാണ് വിമര്‍ശിക്കേണ്ടതെന്ന യുക്തിയൊന്നും പലര്‍ക്കും മനസ്സിലാകില്ല.
വൈദ്യശാസ്ത്രത്തില്‍ റാങ്കുണ്ടായിരുന്ന മലയാളി പല്‍പ്പുവിന് ‘മൈസൂര്‍ പല്‍പ്പു’വായി അറിയപ്പെടേണ്ടി വന്ന നാടാണിത്. ജാതിയില്‍ താഴ്ന്ന കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിച്ചെന്ന് കേട്ടപ്പോഴേക്കും ബോധംകെട്ടു വീണ ഊന്നുപാറ നായരുടെ പ്രേതം ഇപ്പോഴുമിവിടെ കറങ്ങി നടപ്പുണ്ട്. അയിത്തക്കാരനായ വൈദ്യര് ചികിത്സിച്ച് അശുദ്ധമായി ജീവിക്കുന്നതിലും ഭേദം ശുദ്ധമായി മരിക്കുന്നതാണ് പറഞ്ഞ കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാര്‍ ഇപ്പോഴും മലയാളിയിലുണ്ട്. ജാതി സമൂഹത്തില്‍നിന്നും മനുഷ്യസമൂഹത്തിലേക്കെത്താന്‍ ഇനിയുമേറെ നടക്കാനുണ്ടെന്നര്‍ത്ഥം. ആ നടത്തം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ നവോത്ഥാനം പൂര്‍ത്തിയാകൂ.
സവര്‍ണ്ണരഥവും ദളിതന്റെ വില്ലുവണ്ടിയും നേര്‍ക്കുനേര്‍ നില്ക്കുന്ന ഒരു ചരിത്ര സന്ദര്‍ഭമാണിത്. അത്യന്തം ജാഗ്രത പാലിക്കേണ്ട ഈ ചരിത്രസന്ധിയില്‍ ‘നിങ്ങള്‍ ഏതു ചേരിയില്‍? ‘ എന്ന പഴയ ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. വേണമെങ്കില്‍ ഭൂതകാലജീര്‍ണ്ണതകളിലേക്കു നിങ്ങള്‍ക്ക് കൂപ്പു കുത്താം. അവിടെ നിരവധി ചിരികള്‍ ഉണ്ട്. ഇനിയും നേരം വെളുക്കാത്തവരുടെ പൊട്ടിച്ചിരികള്‍. സവര്‍ണ്ണരഥത്തിലേറി നിന്ന് ‘ഒരു ജാതി!’ ചിരി ചിരിക്കുന്നവര്‍. നിങ്ങള്‍ അവരോടൊപ്പം അപ്പുറത്ത് നില്ക്കുക. മനുഷ്യര്‍ ഇപ്പുറത്തും നില്ക്കട്ടെ.
നിങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ഒരു മതില് എന്നേ ആവശ്യമാണ്!
Discussion about this post