ആലപ്പുഴ: ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയുടെ ഉറക്കം പൊല്ലാപ്പായത് നാടും നാട്ടുകാർക്കും പിന്നെ പോലീസിനും. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്ദേവ് ഉൾപ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി. മുഴുവൻ എയ്ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ കാണാതായെന്ന വാട്സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും കുട്ടിയെ തേടിയിറങ്ങി. നിമിഷ നേരംകൊണ്ട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി എല്ലായിടത്തും അന്വേഷണം നടത്തി. ഒടുവിൽ കുട്ടി തന്റെ ഉറക്കം മതിയാക്കി അലമാരയുടെ മറവിൽ നിന്നും എഴുന്നേറ്റ് വന്നതോടെയാണ് മണിക്കൂർ നീണ്ട അങ്കലാപ്പിന് ആശ്വാസമായത്.
രാവിലെ ഒമ്പതര വരെ കട്ടിലിൽ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവിൽ കിടന്നതെന്നു വീട്ടുകാരും കണ്ടില്ല. 9.40നാണ് ഉറങ്ങിക്കിടന്നിടത്തു കുട്ടിയെ കാണാനില്ലെന്നു വീട്ടുകാർ തിരിച്ചറിഞ്ഞത്. ഇതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധുവിന്റെ ശ്വാസം നിലച്ചപോലെയായി.
കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും ഇനി എന്തു മറുപടി പറയുമെന്നറിയാതെ അവർ പകച്ചുനിന്നു. കുട്ടിയുടെ അമ്മയ്ക്കു ജോലിയുള്ളതിനാൽ രണ്ടാം മാസം മുതൽ കുഞ്ഞിന്റെ ഒരു ബന്ധുവാണു നോക്കി വളർത്തുന്നത്. വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവൻ പരിശോധിച്ചു. ഇതിനിടെ ‘ഒരു തമിഴ് സ്ത്രീ അതുവഴി ഓട്ടോയിൽ പോകുന്നതു കണ്ടു’ എന്ന് ആരോ പറഞ്ഞതോടെ ഭയം ഇരട്ടിച്ചു. കുട്ടിയെ കടത്തികൊണ്ടുപോയെന്ന് ഉറപ്പിച്ചു.
പത്തുമണി വരെ തിരഞ്ഞിട്ടും കാണാതായതോടെയാണ് പോലീസിനെ അറിയിച്ചത്. കുടുംബത്തിന്റെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ഉടനെ വിവരം ജില്ലാ ആസ്ഥാനത്തെത്തി. എസ്പി ഉൾപ്പടെയുള്ളവർ കുഞ്ഞിനെ കണ്ടുപിടിക്കാൻ രംഗത്തിറങ്ങി. മുഴുവൻ പോലീസ് സംവിധാനങ്ങളും കുഞ്ഞിനായി തിരച്ചിൽ ആരംഭിച്ചു. ജില്ലാ പൊലീസ് മുഴുവൻ മുൾമുനയിൽ നിന്ന നിമിഷത്തിലാണ് കുട്ടി എഴുന്നേറ്റു വന്ന് ഏവരെയും ഞെട്ടിച്ചത്. ഉറങ്ങിക്കിടന്ന സ്ഥലം കാണിച്ചു കൊടുത്തു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞ് അലമാരയ്ക്കും ഭിത്തിക്കും ഇടയിലെ ചെറിയ സ്ഥലത്തു പോയി കിടക്കുകയായിരുന്നു. ഇതോടെ മുഴുവൻ വാട്സാപ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി. യുകെയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും വരെ കുഞ്ഞിനെ കിട്ടിയോ എന്നു ചോദിച്ചു വിളികൾ എത്തുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
Discussion about this post