കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമാകുന്ന രഹസ്യമൊഴി സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കി. ആറ് മണിക്കൂറെടുത്താണ് നിര്‍ണായകമാവുന്ന 51 പേജുള്ള മൊഴി രേഖപ്പെടുത്തിയത്.
ദിലീപിനെ പരിചയപ്പെട്ടതുമുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ ഉണ്ടാവും. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
എറണാകുളം ജെഎഫ്സിഎം രണ്ടാം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച രഹസ്യ മൊഴിയെടുക്കല്‍ അഞ്ചരമണിക്കൂര്‍ നേരം നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തുന്ന പോലീസിന് രഹസ്യമൊഴി നിര്‍ണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താല്‍ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെളളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദക്സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
Discussion about this post