തൃശ്ശൂര്‍: കേരളത്തിന്റെ മരുമകനാകാനൊരുങ്ങി പോര്‍ച്ചുഗീസുകാരന്‍ റിച്ചി. ഇന്ത്യന്‍ പൗരത്വമില്ലെങ്കിലും മലയാളം സംസാരിക്കാനും എഴുതാനും റിച്ച് പഠിച്ചുകഴിഞ്ഞു. മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കാനാണ് ആഗ്രഹം. അടുത്ത ശനിയാഴ്ചയാണ് റിച്ചിയുടെ വിവാഹം. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അനീറ്റയാണ് വധു.
നാല്‍പതുകാരനായ റിച്ചി ജനിച്ചത് പോര്‍ച്ചുഗലിലാണ്. അമ്മയും സഹോദരിയുമുണ്ട്. എല്ലാവര്‍ക്കും പോര്‍ച്ചുഗല്‍ പൗരത്വമാണ്. ആറു വ്യത്യസ്ത ഭാഷകള്‍ പഠിച്ചു. ബ്രോഡ്കാസ്റ്റ് കമ്പനിയിലാണ് ജോലി. സഹപ്രവര്‍ത്തകന്റെ ബന്ധുവാണ് നല്ലപാതിയാകുന്ന അനീറ്റ.
അങ്ങനെയാണ്, വിവാഹ ആലോചന വന്നത്. ടൂറിസ്റ്റ് വീസയില്‍ ഇടയ്ക്കിടെ കേരളത്തില്‍ വരാറുണ്ട്. നാടിനെ വല്ലാതെ ഇഷ്ടപ്പെട്ടു. മലയാളി പെണ്‍കുട്ടിയുടെ വിവാഹ ആലോചന വന്നപ്പോള്‍ അതുക്കൊണ്ടുതന്നെ ഉറപ്പിച്ചു.
Read Also: പത്തനംതിട്ടയില്‍ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍: കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക്
കേരളത്തില്‍ വന്ന ശേഷം മുണ്ട് ഉടുക്കാനും പഠിച്ചു. മലയാളം പറയാനും പഠിച്ചു. ലൂസിഫര്‍ സിനിമയില്‍ ടൊവിനോ കഥാപാത്രം ജിതിന്‍ രാംദാസ് പറയുന്നതു പോലെ ‘വേണ്ടി വന്നാല്‍ തെറിപറയാനും അറിയാം’. ലളിതമായ വാക്കുകള്‍ പറഞ്ഞാല്‍ പെട്ടെന്നു മനസിലാകും.
മീശ വച്ചതോടെ തനി മലയാളിയായി റിച്ചി മാറിയിട്ടുണ്ട്. കേരളത്തില്‍ വന്ന സമയത്തെല്ലാം റിച്ചി ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളത് മലയാളികളുടെ മീശയാണ്. അതുകൊണ്ടാണ്, ക്ലീന്‍ ഷേവ് ഒഴിവാക്കി മീശ വച്ചത്. പക്ഷേ, മീശ പിരിക്കാന്‍ അറിയില്ല. ‘ഇനി മീശ പിരിക്കാന്‍ പഠിക്കണം’ റിച്ചി പറയുന്നു. മീശ വച്ച ശേഷം കണ്ടാല്‍ മലയാളിയായി മാറി.
കേരളത്തില്‍ എവിടെയാണ് ഇഷ്ടപ്പെട്ട സ്ഥലമെന്ന് ചോദിച്ചാല്‍ ‘തൃശൂര്‍’ എന്ന് സംശയമില്ലാതെ റിച്ചി പറയും. പൂരങ്ങളുടെ നാട് അത്രയ്ക്ക് പിടിച്ചിരിക്കുന്നു. കേരളത്തിന്റെ ഭക്ഷണ ശീലങ്ങളും ഇഷ്ടപ്പെട്ടു വരികയാണ്.