പ്രതികൾ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടും, ഹേമ കമ്മീഷൻ റിപ്പോർട്ട് എടുത്തുചാടി നടപ്പാക്കേണ്ടതല്ല: മന്ത്രി സജി ചെറിയാൻ

saji-cheriyan

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികൾ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും. മുൻവിധിയോടുകൂടി സംസാരിക്കാൻ ഒരു മന്ത്രിയെന്ന നിലയിൽ കഴിയില്ല. എന്നാൽ വിഷയത്തിലെ സർക്കാർ നിലപാട്, കേസുമായി ബന്ധപ്പെട്ട് ആരൊക്കെ ചോദ്യം ചെയ്യപ്പെട്ടു എന്നതിൽ നിന്ന് വ്യക്തമായതാണെന്നും മന്ത്രി വിശദീകരിച്ചു.

കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ എടുത്തു ചാടി നടപ്പിലാക്കേണ്ട ഒന്നല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

റിപ്പോർട്ട് ക്യാബിനെറ്റിൽ ചർച്ചയ്ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്. റിപ്പോർട്ടിന് തുടർച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാൻ സാധിക്കില്ല. റിപ്പോർട്ട് വന്നതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വകുപ്പിലേക്കെത്തി. ഉടൻ തന്നെ തന്റെ നേതൃത്വത്തിൽ രണ്ട് മീറ്റിംഗുകൾ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read-അമ്മയെ വെട്ടിയത് 33 തവണ, കിടപ്പിലായ അച്ഛനെ 29 തവണ; കീടനാശിനി മുറിവിൽ തളിച്ചു; ഭാവഭേദമില്ലാതെ സീൻ ബൈ സീൻ എഴുതി നൽകി മകൻ; കാരണം അജ്ഞാതം; ഞെട്ടൽ

റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റിൽ പോകണമോ, നിയമസഭയിൽ വെയ്ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധരാണെന്ന് ഉറപ്പു നൽകുന്നുവെന്നും സജി ചെറിയാൻ വ്യകതമാക്കി.

Exit mobile version