പാലക്കാട്: ഒലവക്കോട് പുതുപ്പരിയാരം ഓട്ടൂർക്കാട് പ്രതീക്ഷാ നഗറിൽ റിട്ട. ആർഎംഎസ് ജീവനക്കാരനെയും ഭാര്യയെയും വീട്ടിനകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ പിടിയിൽ. ദമ്പതിമാരുടെ മകൻ സനലാണ് (29) അറസ്റ്റിലായത്. ഇയാൾ സംഭവശേഷം മൈസൂരിലേക്ക് ഒളിവിൽ പോയിരുന്നു. പിന്നീട് സഹോദരനെ കൊണ്ട് ഫോണിൽ വിളിപ്പിച്ച് പോലീസിന് സംശയമില്ലെന്ന് വരുത്തി തീർത്താണ് നാട്ടിലെത്തിച്ചത്.
പുതുപ്പരിയാരം ഓട്ടൂർക്കാട് പ്രതീക്ഷാ നഗറിൽ ചന്ദ്രൻ (64), ഭാര്യ ദൈവാന (ദേവി-52) എന്നിവരെയാണ് തിങ്കളാഴ്ച വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. കൊലപാതകം നടന്ന ഞായറാഴ്ച രാത്രിമുതൽ സനലിനെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബംഗളൂരുവിലെത്തിയതായി പോലീസിന് വിവരം കിട്ടി. തുടർന്ന് സഹോദരൻ പോലീസിന്റെ നിർദേശാനുസരണം സനലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തന്നെ സംശയമില്ലെന്ന് തോന്നിയ സനൽ, ചൊവ്വാഴ്ച രാവിലെ തീവണ്ടിമാർഗം പാലക്കാട്ടേക്ക് തിരിച്ചെത്തുകയും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ രാവിലെ ഏഴുമണിയോടെ വീട്ടിലെത്തുകയുമായിരുന്നു. തുടർന്ന് സനലിനെ നാട്ടുകാരുടെ സഹായത്തോടെ സഹോദരൻ സുനിൽ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് താനാണെന്ന് സനൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കൊലയ്ക്കുള്ള കാരണം സനൽ പൂർണമായി വ്യക്തമാക്കിയിട്ടില്ലെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു.
ഒരോതവണ കൊലപാതക കാരണം അന്വേഷിക്കുമ്പോഴും വഴുതിമാറുകയായിരുന്നു സനൽ. അറസ്റ്റ് രേഖപ്പെടുത്തിയശേഷവും ഭാവവ്യത്യാസമില്ലാതെയായിരുന്നു സനലിന്റെ നിൽപ്പും നടപ്പും.
പോലീസിന്റെ ചോദ്യം ചെയ്യലിൽ അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് സനൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സ്വീകരണമുറിയിൽ സോഫയിൽ വിശ്രമിക്കുകയായിരുന്ന അമ്മ വെള്ളം ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി കയർത്തുസംസാരിച്ചു. ശേഷം വീടിന്റെ പിറകുവശത്തേക്ക് പോയി ഇരുകൈകളിലും കൊടുവാളും അരിവാളുമായെത്തി അമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ശബ്ദം കേട്ട് ഇടുപ്പിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛൻ ചന്ദ്രൻ എന്താണ് ബഹളമെന്ന് തിരക്കിയതോടെ മുറിയിലേക്ക് കയറിച്ചെന്ന സനൽ കട്ടിലിൽ കിടക്കുന്ന അച്ഛനെയും കൊടുവാളുകൊണ്ട് വെട്ടുകയായിരുന്നു. മരണം ഉറപ്പിക്കാനായി അമ്മയുടെ മുഖത്തും തലയിലും തുരുതുരെ വെട്ടിയ പ്രതി, കഴുത്തറുക്കുകയും ചെയ്തു. കീടനാശിനി കഴുത്തിലെ മുറിവിലൂടെ ഒഴിച്ചു. അച്ഛന്റെ മുഖത്തെ മുറിവുകളിലും കീടനാശിനി ഒഴിച്ചു. അമ്മയുടെ ശരീരത്തിൽ സിറിഞ്ചുപയോഗിച്ച് കീടനാശിനി കുത്തിവെയ്ക്കാനും ശ്രമിച്ചിട്ടുണ്ട്.
ശേഷം അച്ഛൻ കിടന്ന മുറിയിൽനിന്ന് കുളിച്ച് കൈയിലുള്ള പണവുമായി പിറകുവശത്തെ വാതിലിലൂടെ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സനൽ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ദൈവാനയുടെ ശരീരത്തിൽ 33 മുറിവുകളും ചന്ദ്രന്റെ ശരീരത്തിൽ 29 മുറിവുകളുമാണുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഓട്ടൂർകാട്ടിലെ വീട്ടിലെത്തിച്ചശേഷം ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.
ആലത്തൂർ ഡിവൈഎസ്പി ദേവസ്യ, മലമ്പുഴ ഇൻസ്പെക്ടർ ബികെ സുനിൽ കൃഷ്ണൻ, ടൗൺ നോർത്ത് എസ്ഐ സികെ രാജേഷ്, ഗ്രേഡ് എസ്ഐമാരായ സിഡി ഡെന്നി, കെ ശിവചന്ദ്രൻ, എസ്സിപിഒ എം പ്രശോഭ്, ഡബ്ല്യുഎസ്പിഒ രേണുകാദേവി, സിപിഒ സിഎൻ ബിജു, നെന്മാറ സിഐ ദീപകുമാർ, ജിഎഎസ്ഐ ജലീൽ, സിപിഒമാരായ സൂരജ്, കൈലാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.
മാതാപിതാക്കളെ വെട്ടിക്കൊന്നത് സമ്മതിച്ചിട്ടുണ്ടെങ്കിലും കാരണം സംബന്ധിച്ച് വ്യക്തതയില്ലാത്തവിധം പലകാര്യങ്ങളാണ് സനൽ പറയുന്നത്. പ്രതിയെ വിശദമായി ചോദ്യംചെയ്ത് ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകദിവസം നടന്ന കാര്യങ്ങൾ പേപ്പറിൽ എഴുതി വിശദീകരിക്കാൻ ആവശ്യപ്പെട്ട പോലീസിനുമുന്നിൽ സനൽ സംഭവത്തിന്റെ തിരക്കഥയെഴുതി നൽകിയതും ഞെട്ടലായി.
സീൻ-1, സീൻ-2 എന്നിങ്ങനെ രാവിലെമുതൽ നടന്ന കാര്യങ്ങൾ ഓരോന്നായി സനൽ എഴുതുകയായിരുന്നു. ഈ സമയമത്രയും പോലീസിന്റെ ക്ഷമ പരീക്ഷിക്കുകയായിരുന്നു സനലിന്റെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post