കോഴിക്കോട്: നടൻ ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞ മുതൽ താൻ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്നാൽ ദിലീപുമായി അടുപ്പമുള്ളവർ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത കുറിപ്പിന് വിശദീകരണമായാണ് ജോയ് മാത്യു രംഗത്തെത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഇരയ്ക്കൊപ്പം എന്ന് പറയാനെളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല!’- എന്ന ജോയ് മാത്യുവിന്റെ കഴിഞ്ഞദിവസത്തെ കുറിപ്പിന് താഴെ ധാരാളം പേർ എന്നാൽ താങ്കൾ തന്നെ തുടക്കമിടൂ എന്ന് ആവശ്യപ്പെട്ടിരുന്നു.
പക്ഷെ ദിലീപിന് എതിരെ ആരോപണം വന്ന സമയത്ത് തന്നെ നിലപാട് വ്യക്തമാക്കിയ ആളാണ് താനെന്ന് അദ്ദേഹം കുറിച്ചു. ‘ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ ‘താങ്കൾ ആദ്യം തുടങ്ങൂ ‘എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല’- എന്ന് പത്ര വാർത്ത സഹിതം ജോയ് മാത്യു വിശദീകരിക്കുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ ‘താങ്കൾ ആദ്യം തുടങ്ങൂ ‘എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല .(Times of India .12/7/2017)കൂടാതെ
അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല .
Discussion about this post