പാലക്കാട്; ട്രാൻസ് വനിതയായി ജീവിക്കാനാകുന്നില്ലെന്ന് കാണിച്ച് ദയാവധത്തിന് അപേക്ഷ നൽകിയ ഒറ്റപ്പാലം സ്വദേശി അനിറ കബീർ വീണ്ടും അധ്യാപികയാകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അവരെ ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിരികെ ജോലിക്കു ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചത്.
നവംബർ ഒന്നിനു ജോലിക്കു ചേർന്ന തനിക്ക് സ്കൂൾ അധികൃതരിൽ നിന്ന് കടുത്ത അപമാനം നേരിട്ടതിനാൽ ഒന്നര മാസത്തിനു ശേഷം ജോലി അവസാനിപ്പിക്കേണ്ടി വന്നുവെന്ന് അനീറ വെളിപ്പെടുത്തിയിരുന്നു. സങ്കടമറിഞ്ഞെത്തിയ മന്ത്രി ശിവൻകുട്ടി അനീറയുമായി സംസാരിച്ച ശേഷം, പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറോട്, ജോലി തിരികെ നൽകാൻ നടപടിക്കു നിർദേശിക്കുകയായിരുന്നു. സ്ഥിരനിയമനം വേണമെന്നാണ് അനീറയുടെ ആവശ്യം.
ട്രാൻസ്വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് അനീറയുടെ ദുരിതം പുറത്തറിഞ്ഞത്. അനീറയ്ക്കു രണ്ടു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എംഎഡുമുണ്ട്.
14 സ്കൂളുകളിൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തെങ്കിലും പലരും ജോലി നിഷേധിച്ചെന്നും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കു സംവരണം നൽകണമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും അനീറ ആരോപിച്ചു. സഹോദരൻ ദിവസങ്ങൾക്കു മുൻപ് അപകടത്തിൽ മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടിയുണ്ടെന്നും അനീറ പറഞ്ഞു.
Discussion about this post