മലപ്പുറം: സംസ്ഥാനത്തെ കര്‍ഷകരുടെ ഏറെ കാലത്തെ ആവശ്യം ഒടുവില്‍ പൂവണിയുന്നു. താമര കൃഷിയ്ക്ക് വായ്പ അനുവദിക്കണമെന്നായിരുന്നു ആവശ്യം. നാളുകള്‍ നീണ്ട പരാതികള്‍ക്കും വശ്യങ്ങള്‍ക്കും ഇപ്പോഴാണ് പരിഹാരമാകുന്നത്. മലപ്പുറത്ത് ചേര്‍ന്ന ജില്ലാതല ബാങ്ക് വിദഗധസമിതി യോഗത്തിലാണ് തീരുമാനം. താമര വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചിരുന്നത്.
നിവേദനങ്ങളും പരാതികളും പല തവണ പറഞ്ഞിട്ടും അധികൃതരാരും കനിഞ്ഞിരുന്നില്ല. ഇതോടെ നിവര്‍ത്തിയില്ലാതെ പലരും താമരകൃഷി ഉപേക്ഷിച്ചു. ഇതിനിടയിലും സ്വര്‍ണ്ണപണയ വായ്പ്പയെടുത്തും കടം വാങ്ങിയും തിരുന്നാവായയിലെ മൊയ്തീന്ഹാജിയെപ്പോലുള്ള ചില കര്‍ഷകര്‍ ഇപ്പോഴും താമര കൃഷി നടത്തുന്നുണ്ട്. ലാഭം പ്രതീക്ഷിച്ചല്ല മറ്റൊരു തൊഴില്‍ മേഖല അറിയാത്തതു കൊണ്ടും കൂടിയാണ് നഷ്ടം സഹിച്ചും താമര കൃഷിയുമായി മുന്നോട്ടു പോകുന്നത്.
വായ്പ അനുവദിക്കുന്നതോടെ ഇവരുടെ മുക്കാല്‍ ഭാഗം പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം താമര കൃഷി ചെയ്യുന്നത് മലപ്പുറം തിരുന്നാവായയിലാണ്. സംസ്ഥാനത്തിനകത്ത് മാത്രമല്ല തമിഴ്നാട്, കര്‍ണ്ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് താമരപൂക്കള്‍ കയറ്റി അയക്കാറുണ്ട്. താമരയുടെ വിപണന സാധ്യതകള്‍ ബോധ്യപെട്ടതോടെയാണ് കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ്പ അനുവദിക്കാന്‍ ജില്ലാ തല ബാങ്കിംഗ് വിദഗ്ധ സമിതി തീരുമാനിച്ചത്.
Discussion about this post