‘ചുരുളി’ കാണാന്‍ കൊള്ളാവുന്ന സിനിമയാണോ അല്ലയോ, പോലീസ് പറയും: എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം വിലയിരുത്തും

കൊച്ചി: ചുരുളി സിനിമയിലെ ഭാഷ അശ്ലീലമുണ്ടോണോയെന്ന് പരിശോധിക്കാന്‍ പോലീസ്. ഇതിനായി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടെന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമയിലെ ഭാഷയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇനി പോലീസ് പറയും ചുരുളി കാണാന്‍ കൊള്ളുന്ന സിനിമയാണോ അല്ലയോയെന്ന്. പോലീസ് സ്വയം ഏറ്റെടുത്ത അന്വേഷണമല്ല, ഹൈക്കോടതിയാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടത്.

സിനിമയിലെ ഭാഷ അശ്‌ളീലമെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. മലയാളിയല്ലാത്ത പോലീസ് മേധാവി അനില്‍കാന്ത് നേരിട്ട് സിനിമ കാണുന്നില്ല. പകരം മലയാളികളായ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. ബറ്റാലിയന്‍ എഡിജിപി കെ പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ഡോ.ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം ഡിസിപി നസീം എന്നിവരാണ് സംഘത്തില്‍ ഉള്ളത്. പോലീസ് ആസ്ഥാനത്തെ നിയമോപേദശകന്‍ സഹായിയായി ഉണ്ടാകും.

ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിര്‍ക്കുന്നവരുടെ പരാതി.

ആവിഷ്‌ക്കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്നാകും സംഘം പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കുകയും ചെയ്യും. സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

നിലവിലെ നിയമപ്രകാരം ഒടിടി റിലീസിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല. തിയേറ്റര്‍ റിലീസിന് അണിയറക്കാര്‍ ശ്രമിക്കുന്നുമില്ല. അത് കൊണ്ട് തന്നെ പോലീസ് റിപ്പോര്‍ട്ടും കോടതിയുടെ തുടര്‍ നടപടികളും ഏറെ ശ്രദ്ധേയമാണ്.

Exit mobile version