കൊല്ലം: കൊല്ലം നിലമേലില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ തുടങ്ങി. 2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെ ഒന്നാം സാക്ഷിയായി കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്ത് മുന്‍പാകെ വിസ്തരിച്ചു. വിസ്മയ നേരിട്ട പീഡനങ്ങള്‍ ഓരോന്നും ത്രിവിക്രമന്‍ നായര്‍ വിസ്തരിച്ചു.
കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ മര്‍ദിക്കുമായിരുന്നെന്നും ത്രിവിക്രമന്‍ നായര്‍ പറയുന്നു. മകള്‍ക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് ചോദിച്ചു.
101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു പറഞ്ഞു. കോവിഡ് കാരണം 80 പവന്‍ നാല്‍കാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരണ്‍ വേറെ കാര്‍ വേണമെന്നു വിസ്മയയോടു പറഞ്ഞു. ടയോട്ട യാരിസ് കാറാണ് താന്‍ വാങ്ങി നല്‍കിയതെന്നും കോടതിയില്‍ ത്രിവിക്രമന്‍ നായര്‍ വെളിപ്പെടുത്തി.
വേറെ കാര്‍ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാര്‍ വാങ്ങി നല്‍കാമെന്ന് വിവാഹ ദിവസം തന്നെ താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ സ്വര്‍ണം ലോക്കറില്‍ വയ്ക്കാനായി തൂക്കി നോക്കിയപ്പോള്‍ അളവില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് കിരണ്‍ വിസ്മയയെ ഉപദ്രവിച്ചതായും ഫോണില്‍ കിരണ്‍ വിളിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ട് തന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി.
കിരണിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയില്‍ കേള്‍പ്പിച്ചു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരണ്‍ മര്‍ദിച്ചപ്പോള്‍ ചിറ്റുമലയില്‍ ഒരു വീട്ടില്‍ വിസ്മയ അഭയം തേടി. ഇക്കാര്യം കിരണിനോട് ചോദിച്ചപ്പോള്‍ തന്നോട് കിരണ്‍ മോശമായി സംസാരിച്ചു.
അന്ന് താനും ഭാര്യയും കൂടി കിരണിന്റെ വീട്ടില്‍ ചെന്നിരുന്നു. കൊടുക്കാമെന്ന് പറഞ്ഞത് മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നും കിരണ്‍ പറഞ്ഞു.
‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെയെന്ന് പറഞ്ഞ്’, വിസ്മയ ഇട്ട മാല ഊരി തന്റെ മുഖത്തെറിഞ്ഞശേഷം കിരണ്‍ ഇറങ്ങിപ്പോയി.
പിറ്റേ ദിവസം പരീക്ഷയുടെ ഹാള്‍ ടിക്കറ്റെടുക്കാന്‍ താനും വിസ്മയയും കൂടി കിരണിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നശേഷം അവിടെ നിന്നുകൊള്ളാമെന്ന് വിസ്മയ പറഞ്ഞു. ജ്യേഷ്ഠന്‍ വിജിത്തിന്റെ വിവാഹസമയത്ത് താന്‍ വീട്ടില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് കരുതിയാണ് നിന്നതെന്ന് വിസ്മയ തന്നോട് പറഞ്ഞിരുന്നു. ജനുവരി 11ന് മകന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്ന് മനസ്സിലാക്കി തങ്ങള്‍ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നു.
മകന്റെ വിവാഹത്തിനുപോലും കിരണോ ബന്ധുക്കളോ വന്നില്ല. വിവാഹശേഷം മരുമകളോട് വിസ്മയ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് വിവാഹ ബന്ധം ഒഴിയുന്നിതിനുള്ള നീക്കം തുടങ്ങി. അപ്രകാരം ചര്‍ച്ചകള്‍ നടക്കവെ മാര്‍ച്ച് 17ന് വിസ്മയ കിരണിനൊപ്പം വീട്ടിലേയ്ക്ക് പോയി. കിരണ്‍ നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുപോയത് സ്നേഹം കൊണ്ടല്ല, കേസ് ഒഴിവാക്കാനാണെന്ന് പറഞ്ഞുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി.
ജൂണ്‍ 21ന് മകള്‍ ആശുപത്രിയില്‍ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു.
ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി. ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജി.മോഹന്‍രാജ്, നീരാവില്‍ അനില്‍ കുമാര്‍, ബി.അശ്വിന്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി.പ്രതാപന്‍ പിള്ളയും ഹാജരായി.