കൊച്ചി: ഇടുക്കി എൻജിനീയറിംഗ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലയാളിക്കായി മുറവിളി കൂട്ടി സൈബർ കോൺഗ്രസ് പോരാളികൾ. ധീരജിന്റെ വിയോഗത്തിൽ കേരളം കണ്ണീർ വാർക്കുന്നതിനിടെയാണ് നെഞ്ചിൽ കഠാര കുത്തിയിറക്കിയവനായി അണികളുടെ പോരാട്ടം. യുഡിഎഫ് സൈബർ പോരാളി അഡ്മിൻ അടക്കം, സോഷ്യൽമീഡിയയിൽ കോൺഗ്രസിന് വേണ്ടി നിരന്തരം പോസ്റ്റുകൾ ഇടുന്നവരാണ് കൊലയാളിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ധീരജ് കൊല്ലപ്പെട്ട വാർത്തകളുടെ കമന്റ് ബോക്സുകളിലും ഗ്രൂപ്പുകളിലും സൈബർ പോരാളികളുടെ പിന്തുണ പ്രകടമാണ്. ‘കെഎസ് യുവിന്റെ അനുജന്മാരെ എസ്എഫ്‌ഐയുടെ കഠാരയ്ക്ക് മുന്നിൽ എറിഞ്ഞു കൊടുക്കാതെ അവരുടെ ദേഹത്ത് ഒരു മണ്ണ് തരി പോലും വീഴാതെ തന്റെ സഹപ്രവർത്തകരെ നെഞ്ചോട് ചേർത്ത് നിർത്തിയവൻ.. തള്ളിപറയാനല്ല ചേർത്ത് പിടിക്കാനാണ് ഇഷ്ടം’ ധീരജിന്റെ കൊലയാളി നിഖിൽ പൈലിയുടെ ചിത്രം പങ്കുവെച്ച് കെഎസ് യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂരും നിഖിൽ പൈലിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇടുക്കി കരിമണലിൽ നിന്ന് ബസിൽ യാത്ര ചെയ്യവെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഖിൽ അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ പൈലി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
മണിയാറംകുടി സ്വദേശി നിഖിൽ പൈലിക്ക് ഉന്നത കോൺഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ അടുത്ത അനുയായി കൂടിയാണ് നിഖിൽ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.
ഒടുവിൽ മൗനം വെടിഞ്ഞു; നിനക്കൊപ്പമെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാലും
ധീരജിനെ കൊന്ന ശേഷം നിഖിൽ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ വെളിപ്പെടുത്തിയത്. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിംഗ് എഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു തളിപ്പറമ്പ് പാൽകുളങ്ങര രാജേന്ദ്രന്റെ മകൻ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനിൽ, അമൽ എ എസ് എന്നിവർ ചികിത്സയിൽ കഴിയുകയാണ്.