കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം. കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാനാണ് നീക്കം. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിക്ക് ഒപ്പം ചേർന്നത്.
കൂറുമാറിയവരിൽ നടൻ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കർ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗർ എന്നിവരാണ് ഉൾപ്പെടുന്നത്. കേസിൽ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വ്യക്തി വൈരാഗ്യത്തെ കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
കേസിൽ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മൊഴി മാറ്റിയത് പണം നൽകി സ്വാധീനിച്ചാണെന്ന് തെളിയിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലിൽ മുറിയെടുത്തായിരുന്നു.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു.