പൈനാവ്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട കേസിലെ പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനും നിഖിൽ പൈലിയുടെ സുഹൃത്ത് ജെറിൻ ജോജോക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പ്രതികരിച്ചു. ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിംഗ് എഴാം സെമസ്റ്റർ വിദ്യാർത്ഥിയാണ് തളിപ്പറമ്പ് പാൽകുളങ്ങര രാജേന്ദ്രന്റെ മകൻ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനിൽ, അമൽ എ എസ് എന്നിവർ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം, പോസ്റ്റ്മാർട്ടത്തിനു ശേഷം ധീരജിന്റെ മൃദദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്‌കരിച്ച് ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിർമിക്കാനാണ് തീരുമാനം.
Discussion about this post