ഇടുക്കി: ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് എതിരേയും ഗുരുതര ആരോപണങ്ങൾ. സംഘർഷത്തിനിടെ നിഖിൽ പൈലിയുടെ കുത്തേറ്റ് പിടഞ്ഞ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ പോലീസ് വിദ്യാർത്ഥിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സഹായം നൽകിയില്ലെന്നാണ് ആക്ഷേപം.
പോലീസിനോട് സംഭവം പറഞ്ഞപ്പോൾ അവൻ അവിടെ കിടക്കട്ടെയെന്നാണ് പറഞ്ഞതെന്ന് ദൃക്സാക്ഷിയായ അശ്വിൻ ഉത്തമൻ എന്ന വിദ്യാർത്ഥി പറഞ്ഞു. പിന്നീട് അതുവഴിവന്ന ജില്ലാപഞ്ചായത്ത് മെമ്പർ കെജി സത്യന്റെ വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്.
കോളേജ് തെരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച സംഘർഷസാധ്യത കണക്കിലെടുത്ത് കോളേജ് അധികൃതർ പോലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ക്യാംപസിന് മുന്നിൽ പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ധീരജിന് കുത്തേറ്റപ്പോൾ കൂട്ടുകാർ പോലീസിന്റെയുൾപ്പെടെ പലരുടെയും സഹായം തേടിയെങ്കിലും ലഭിച്ചില്ല. കോളേജിന് സമീപത്തുള്ള ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പെട്ടെന്ന് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിഞ്ഞേനെയേന്ന് സഹപാഠികൾ പറഞ്ഞു.
അതേസമയം, കുത്തേറ്റ ധീരജ് രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചത് ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെജി സത്യൻ താൻ പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടതായും പറയുന്നു. വിദ്യാർത്ഥികൾ കാർ തടഞ്ഞ് ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റെന്ന് അറിയിച്ച സമയത്ത് വിദ്യാർത്ഥിയെ കയറ്റാനായി കോളേജിന്റെ ഭാഗത്തേക്ക് പോകുമ്പോൾ പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവും മറ്റൊരാളും താഴേക്ക് നടന്നുവരുന്നത് കണ്ടതായാണ് കെജി സത്യൻ പറയുന്നത്.
ഇടുക്കി മെഡിക്കൽ കോളേജിലെത്തിക്കുമ്പോൾ ധീരജിന് ജീവനുണ്ടായിരുന്നു. കാറിൽ ഞരങ്ങിയിരുന്നു. ആശുപത്രിയിലെത്തി 15 മിനിറ്റിനകം ഡോക്ടർമാർ മരണം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.