പാലക്കാട്: പ്രസവിച്ച് മൂന്ന് നാൾ പിന്നിടുമ്പോഴാണ് പുലിക്കുഞ്ഞിനെ തള്ളപ്പുലിക്ക് നഷ്ടമായത്. ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് അധികൃതരെത്തി പുലിക്കുഞ്ഞുങ്ങളെ മാറ്റുകയായിരുന്നു. എന്നാൽ തന്റെ മക്കളെ തേടി തള്ളിപ്പുലി എത്തുകയും ചെയ്തു. രണ്ട് കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി എത്തി കൊണ്ടുപോയി. പുലിക്കൂട്ടിൽ വെച്ച കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്.
രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചയോടെയാണ് പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽ വനം വകുപ്പ് വെച്ച കൂട്ടിലെത്തി അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. പുലിയെ പിടികൂടാനാണ് പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽ വെച്ചിരുന്നത്.
കൂടിൽ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചാണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. ഇതേ തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. അകത്തേത്തറ പഞ്ചായത്തിൽ ഒലവക്കോട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിൽ പപ്പാടിയിലെ മാധവന്റെ വീടാണ് പുലി തന്റെ താവളമാക്കിയിരുന്നത്. ഇവിടെ നിന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതും. 15 വർഷമായി ആൾതാമസമില്ലാതെ ജനലും വാതിലും മറ്റും പൊളിഞ്ഞു വീഴാറായ നിലയിലാണ്.
വീട് നോക്കിയിരുന്ന സമീപവാസിയായ പൊന്നൻ ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി പോകവേ, നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കണ്ട് ജനൽപ്പാളി വഴി നോക്കിയപ്പോഴാണ് കുഞ്ഞുങ്ങളെയും പുലിയെയും കണ്ടത്. ശേഷം തള്ളിപ്പുലി ചാടിപ്പോയതോടെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ച് പുലിക്കുട്ടികളെ കൊണ്ടുപോവുകയായിരുന്നു. തന്റെ കുഞ്ഞുങ്ങളെ തേടി പുലിവരുമെന്ന നാട്ടുകാരുടെ ഭീതിയെ തുടർന്ന് ജാഗ്രരൂകരായി ഇരിക്കുകയായിരുന്നു അധികൃതരും.
ഒരു കുട്ടിയെ കൊണ്ടുപോയതിനാൽ രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടിൽ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പുലി ഈ കുഞ്ഞിനെയും കൊണ്ടുപോയ്ക്കോട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
Discussion about this post