ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. അഞ്ചുവര്‍ഷത്തെ അതിജീവന യാത്രയെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മലയാളത്തിലെ യുവതലമുറയിലുള്ള പ്രമുഖ നടീനടന്മാരെല്ലാം ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയത്.
മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, സുപ്രിയ മേനോന്‍, അഞ്ജലി മേനോന്‍, ടൊവീനോ തോമസ്, മിയ, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, മഡോണ, പൂര്‍ണിമ, സംയുക്ത മേനോന്‍, സയനോര, ദിവ്യപ്രഭ, അര്‍ച്ചന പദ്മിനി, ആര്യ, മിയ തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളില്‍ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചത്. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം, നടിക്ക് പിന്തുണ അറിയിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ ശില്‍പ ബാല പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഈ പിന്തുണ ഇവിടെയുള്ള ഓരോ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത്യാവശ്യമാണെന്നും കടപ്പെട്ടിരിക്കുന്നുവെന്നും ശില്‍പ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവര്‍ക്കേ അറിയൂ. ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാന്‍ വളര്‍ന്നു വന്നത്. പക്ഷേ, വിധി യഥാര്‍ത്ഥത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാള്‍ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല.
അവളോടൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അതവള്‍ക്ക് നല്‍കുന്നതെന്താണെന്നുള്ളത് വാക്കുകള്‍ക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം നിങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു..’ ശില്‍പ ബാല കുറിച്ചു.
വിഷയത്തില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി നേരത്തെ രംഗത്ത് വന്നിരുന്നു. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ച് നടി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
നടിയുടെ ഈ കുറിപ്പ് പങ്കുവച്ചാണ് സഹതാരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.
Discussion about this post