‘ധീരജിന്റെ നെഞ്ചിലാണ് കുത്തിയത്, ആശുപത്രിയിലേക്ക് പോകുമ്പോള്‍ ജീവന്റെ തുടിപ്പില്ലായിരുന്നു’: ദൃക്‌സാക്ഷി പറയുന്നു

ഇടുക്കി: ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണു മരിച്ചത്. കോളജ് തിരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിനിടെ പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്എഫ്‌ഐയും സിപിഎമ്മും ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ഓടി രക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ് വീണ ധീരജിനെ ആശുപത്രിയില്‍ എത്തിച്ച സത്യന്‍ എന്നയാള്‍ വ്യക്തമാക്കി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും സത്യന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സത്യന്റെ പ്രതികരണം. ആക്രമണത്തിന് പിന്നില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐയും ആരോപിച്ചു. മണിയാറംകുടി സ്വദേശി നിഖില്‍ പൈലിയാണ് നിഖിലിനെ കുത്തിയതെന്ന് സിപിഎം വ്യക്തമാക്കി.

കോളേജിന് അടുത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് വാഹനം തിരിക്കുമ്പോഴാണ് കുട്ടികള്‍ ഓടിയെത്തി മൂന്ന് പേര്‍ക്ക് കുത്തേറ്റെന്നും ആശുപത്രിയിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ വാഹനത്തില്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. വാഹനത്തില്‍ കയറ്റുമ്പോള്‍ കൊല്ലപ്പെട്ട ധീരജിന് ജീവന്റെ തുടിപ്പുണ്ടായിരുന്നില്ലെന്നും എന്നാല്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി വിദ്യാര്‍ത്ഥിയല്ല. പുറത്തുനിന്നുള്ള സംഘമെത്തിയാണ് കുത്തിയതെന്നും സത്യന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ സംഘര്‍ഷമൊന്നും ഇതുവരെയും ഉണ്ടായിരുന്നില്ലെന്നും സത്യന്‍ വിശദീകരിച്ചു.

കൊലപാതകം നടത്തിയത് കോളേജിന് പുറത്തുനിന്നെത്തിയവരാണെന്നും ആസൂത്രിതമായ കൊലയാണെന്നും സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷമുണ്ടായത്. ഇതിനിടയാണ് കണ്ണൂര്‍ സ്വദേശിയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തേറ്റത്. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.

സംഘര്‍ഷം നടന്ന കോളേജും ജില്ലാ പഞ്ചായത്ത് ഓഫീസും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ഒരു മീറ്റിംഗ് ആവശ്യത്തിനെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ഓടിപ്പോകുന്നത് സത്യന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് എന്താണ് സംഭവമെന്ന് മനസിലായിരുന്നില്ലെന്ന് സത്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Exit mobile version