കൊല്ലം : സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും കൂടുതല്‍ ജില്ലകളിലേക്ക്. പദ്ധതിയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം എംഎല്‍എ എം.മുകേഷിന്റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ജനുവരി 11ന് ഉച്ചയ്ക്ക് 3 മണിക്ക് നിര്‍വഹിക്കും. താമരക്കുളം റെഡ്യാര്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും.
നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് നിലവില്‍ സേവനം ലഭ്യമാവുക.ഉദ്ഘാടനത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ആദ്യ ഓണ്‍ലൈന്‍ ഓര്‍ഡര്‍ നിര്‍വഹിക്കും.സപ്ലൈകോ വില്പനശാലകളിലെ സബ്‌സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് സംരംഭം വഴി ലക്ഷ്യമിടുന്നത്.
ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് എംആര്‍പിയില്‍ നിന്നും 5 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുന്നതാണ്. ഇത് കൂടാതെ ഏതൊരു ഓണ്‍ലൈന്‍ ബില്ലിനും അഞ്ച് ശതമാനം കിഴിവും സപ്ലൈകോ ഉറപ്പ് നല്‍കുന്നു. ഓരോ ആയിരം രൂപ അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ് ഹോള്‍ വീറ്റ് ആട്ടയും ഓരോ രണ്ടായിരം അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ശബരി ഗോള്‍ഡ് തേയിലയും ഓരോ അയ്യായിരം രൂപ അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്ററിന്റെ പൗച്ചും സപ്ലൈകോ സൗജന്യമായി നല്‍കുന്നതായിരിക്കും.
‘സപ്ലൈ കേരള’ എന്ന ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് തൃശ്ശൂരിലാണ് സപ്ലൈകോ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വില്‍പനയുടെയും ഹോം ഡെലിവറിയുടെയും ആദ്യഘട്ടം ആരംഭിച്ചത്. തുടര്‍ന്ന് കോഴിക്കോടും പദ്ധതി തുടക്കം കുറിച്ചു.