പാലക്കാട്: ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കാണപ്പെട്ട പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്കും അവിടെ നിന്ന് മൃഗാശുപത്രിയിലേക്കും മാറ്റി. ഇതോടെ തന്റെ കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി വരുമെന്ന ഭയത്തിലാണ് നാടും നാട്ടുകാരും. പഴക്കംചെന്നു പൊളിഞ്ഞ വീടാണ് പുലി തന്റെ താവളമാക്കിയത്.
അകത്തേത്തറ പഞ്ചായത്തില്‍ ഒലവക്കോട് റെയില്‍വേ കോളനിക്ക് സമീപം ഉമ്മിനിയില്‍ പപ്പാടിയിലെ മാധവന്റെ വീടാണ് പുലി സ്വന്തമാക്കിയത്. 15 വര്‍ഷമായി ആള്‍താമസമില്ലാതെ ജനലും വാതിലും മറ്റും പൊളിഞ്ഞു വീഴാറായ നിലയിലാണ്. വീട് നോക്കിയിരുന്ന സമീപവാസിയായ പൊന്നന്‍ ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി പോകവേ, നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് കണ്ട് ജനല്‍പ്പാളി വഴി നോക്കിയപ്പോഴാണ് കുഞ്ഞുങ്ങളെയും പുലിയെയും കണ്ടത്.
‘മെല്ലെ പോ മക്കളെ… മിന്നലോട്ടം വേണ്ട’ കിടുക്കാച്ചി പരസ്യവുമായി മോട്ടോര്‍ വാഹനവകുപ്പ്; വീഡിയോ കാണാം
അമ്മപ്പുലി മറ്റൊരു ജനല്‍വഴി ചാടിപ്പോവുകയും ചെയ്തു. നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം വനപാലകരെ അറിയിക്കുകയായിരുന്നു. പുലി തന്റെ കുഞ്ഞുങ്ങളെ തേടി വരുമെന്ന വിശ്വാസമുള്ളതിനാല്‍ മുന്‍കരുതലെന്നോണം വനംവകുപ്പിന്റെ ദ്രുത പ്രതികരണസേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.