കണ്ണൂർ: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കിൽനിന്ന് റോഡിൽ വീണ യുവാക്കൾക്ക് മേൽ എതിർദിശയിൽ വന്ന കാർ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ ദാരുണമരണം. കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് മുന്നിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീഴുകയും എതിർദിശയിൽനിന്ന് വന്ന കാർ ഇവരുടെ ദേഹത്ത് കയറുകയുമായിരുന്നു. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം.
Also Read-സിൽവർലൈൻ വന്നില്ലെങ്കിൽ ആരും മരിച്ചുപോകില്ല; പരിഹസിച്ച് ശ്രീനിവാസൻ
ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിന്റെ ലക്ഷണങ്ങളില്ല. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്തുകൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്. റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴിവന്ന യാത്രക്കാരും നാട്ടുകാരും പോലീസും ചേർന്നാണ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അവിവാഹിതരാണ്. പരേതനായ ഗോപാലൻ-ഉഷ ദമ്പതികളുടെ മകനാണ് അനീഷ്. സഹോദരങ്ങൾ: അജേഷ്, അനിഷ, ആശ. അസീസ് പരേതനായ കമാൽ-ബീപാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഹമീദ്, നിശ്രത്ത്, ഷാഹിത.
Discussion about this post