അമ്മയെ കൊലപ്പെടുത്തി, അച്ഛന്‍ ജയിലിലേക്കും: നൊമ്പരക്കാഴ്ചയായി നാലുവയസ്സുകാരന്‍

മേപ്പാടി: അമ്മയെ കൊലപ്പെടുത്തി, അച്ഛന്‍ ജയിലിനുള്ളിലേക്കും അനാഥത്വത്തിലേക്ക് ആ നാലുവയസ്സുകാരന്‍. നിശ്ചലമായി കിടക്കുന്ന അമ്മയെ നോക്കി വാവിട്ട് നിലവിളിയ്ക്കുന്ന കുഞ്ഞ് നൊമ്പരകാഴ്ചയായി. കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനി വിമല (28)യെ ഭര്‍ത്താവ് കൊലപ്പെടുത്തിയപ്പോള്‍ അനാഥമായത് കുഞ്ഞിന്റെ ജീവിതമാണ്.

കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ വിമലയെ കാപ്പിക്കളത്തിനോടു ചേര്‍ന്ന കെട്ടിടത്തിനുള്ളില്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, ഭര്‍ത്താവ് സാലിവന്‍ ജാഗിരി കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ സ്ഥലംവിടുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

അമ്മ കൊല്ലപ്പെടുകയും പിതാവ് പോലീസ് പിടിയിലാവുകയും ചെയ്തതോടെ ഇവരുടെ നാലു വയസ്സുകാരന്‍ മകന്‍ നൊമ്പരക്കാഴ്ചയായി. വിമലയുടെ അമ്മാവന്‍ കല്‍പറ്റ കോഫി ബോര്‍ഡില്‍ വാച്ചറായി ജോലി ചെയ്യുന്നുണ്ട്. സ്ഥലത്തെത്തിയ ഇയാള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. ആ ഉറപ്പില്‍ പോലീസ് കുട്ടിയെ അമ്മാവനൊപ്പം അയക്കുകയായിരുന്നു.

മൂന്നുദിവസം മുമ്പ് കുന്നമ്പറ്റയിലെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തും മുമ്പ് ദമ്പതികള്‍ മീനങ്ങാടിയില്‍ കാപ്പി പറിക്കുന്ന ജോലി ചെയ്തിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ വയനാട്ടില്‍ വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ചിലര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുമുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്തെന്ന് അറിവായിട്ടില്ല. തലക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂമ്പ മൃതദേഹത്തിനടുത്തുതന്നെ കിടക്കുന്നുണ്ട്. തറയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുമുണ്ട്. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ജില്ല പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, കല്‍പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനില്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Exit mobile version