മലയാള സിനിമയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച് ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായി പാർവതി തിരുവോത്ത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് റിപ്പോർട്ടിലുള്ളതുകൊണ്ടല്ല, ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളതിനാലാണെന്നും പാർവതി സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നത്. എനിക്ക് ജീവഭയമുണ്ടെന്നത് എനിക്കറിയാം. ആ വോയിസ് നോട്ടുകളൊക്കെ കാണുമ്പോൾ എനിക്കറിയാമെന്നും പാർവതി പറഞ്ഞു. സെക്‌സ് റാക്കറ്റുമായും അതുമായി ബന്ധപ്പെട്ട് കിടക്കുന്നുമായി നിരവധി കാര്യങ്ങൾ ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ടെന്നും പാർവതി പറയുന്നു.
സെക്‌സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ നമ്മൾ പറഞ്ഞിട്ടുണ്ട്. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയിലുണ്ട് എന്ന പറയുന്നത് സർപ്രൈസിംഗ് ആയ കാര്യമല്ല.
നടിമാർ മാത്രമല്ല, ഇൻഡസ്ട്രിയിലുള്ള ഞാനടക്കമുള്ള സ്ത്രീകൾക്ക് ഇത്തരം കോപ്രമൈസ് ആവശ്യങ്ങളുമായി കോളുകൾ വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ഉൾപ്പെടെ കമ്മീഷനിൽ വ്യക്തമായി പറയുന്നുണ്ട്.
ഒരു കുറ്റകൃത്യം ചെയ്താൽ അവർ എത്രയധികം ഇൻഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിർത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്. ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല.- പാർവതി പ്രതികരിച്ചു.