മാലൂർ: മകളുടെ വിവാഹത്തിന് pqnam സ്വരൂപിക്കാൻ എന്ത് ചെയുമെന്ന് ആലോചിച്ചു വിഷണ്ണനായ ഒമ്പാൻ സിദ്ദീഖിനെ കനിഞ്ഞു അനുഗ്രഹിച്ചു ഭാഗ്യദേവത.
ബാങ്ക് വായ്പ ലഭിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെ ഒമ്പാൻ സിദ്ദീഖിനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.
മരംവെട്ട് തൊഴിലാളിയാണ് മാലൂർ ശിവപുരത്തെ കരക്കറ വീട്ടിൽ ഒമ്പാൻ സിദ്ദീഖ്.
ഉരുവച്ചാലിനടുത്ത് മുണ്ടോറപ്പൊയിലിലെ ലോട്ടറി ഏജന്റായ ബാബുവിൽനിന്നെടുത്ത ലോട്ടറിയിലാണ് ഭാഗ്യം തെളിഞ്ഞത്. ബാബുവിന്റെ കൈയിൽ നിന്നാണ് സ്ഥിരമായി സിദ്ധീഖ് ടിക്കറ്റ് വാങ്ങാറുള്ളത്. ജോലിത്തിരക്കിനിടയിൽ ബാബുവിനെ ഫോണിൽ വിളിച്ച് എനിക്കായി ഒരുടിക്കറ്റ് എടുത്ത് മാറ്റിവെക്കണമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നു. അങ്ങനെ മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.
നറുക്കെടുപ്പ് ഫലം വന്ന ഉടനെ തന്നെ ബാബു വിവരം സിദ്ദീഖിനെ അറിയിക്കുകയും ടിക്കറ്റ് ഏൽപ്പിക്കുകയുമായിരുന്നു. ലോട്ടറി വില്പനക്കാരൻ ബാബുവിന്റെ സത്യസന്ധതയും അഭിന്ദനീയമാണ്.
സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള സിദ്ദീഖ് അവസാന അക്കങ്ങളായ 42 എന്നും എടുത്തിരുന്നു. ആ നമ്പറിനാണ് (NB 617942) ഒന്നാംസമ്മാനം ലഭിച്ചത്. ടിക്കറ്റ് കേരള ഗ്രാമീൺബാങ്ക് കരേറ്റ ശാഖയിൽ ഏൽപ്പിച്ചു.
അടുത്തമാസം സിദ്ദീഖിന്റെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. അതിനായി ബാങ്കിൽനിന്ന് ലോണെടുക്കാൻവേണ്ടി ശ്രമങ്ങൾ നടത്തവേയാണ് ലോട്ടറി സമ്മാനം ലഭിച്ചത്.
വീടുനിർമിക്കാനും ബാങ്കിൽനിന്ന് ലോണെടുത്തിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയിൽ 70 ലക്ഷം രൂപ ലഭിച്ച ആശ്വാസത്തിലാണ് വീട്ടുകാർ.
സാജിതയാണ് ഭാര്യ. മക്കൾ: അർഷിദ, ഫാത്തിമത്ത് റിസ്വാന.
Discussion about this post