തിരുവനന്തപുരം: കെന്‍സിക മോള്‍ക്ക് ഇനി കേള്‍ക്കാനാവും, സുമനസ്സുകള്‍ കനിഞ്ഞതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 35 ലക്ഷം രൂപ സ്വരൂപിക്കാനായി. സുമനസ്സുകള്‍ക്ക് നന്ദി പറയുകയാണ് കെന്‍സികയുടെ മാതാപിതാക്കള്‍.
ജന്മനാ തന്നെ ഇരുചെവികള്‍ക്കും കേള്‍വി ശക്തി ഇല്ലാത്തയാളാണ് കെന്‍സിക. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിക്കാനായി 35 ലക്ഷം രൂപയ്ക്ക് സഹായം തേടുന്ന കെന്സികയെ കുറിച്ച് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍, ആവശ്യമായ തുക ലഭിച്ചതിനാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് പിതാവ് നടേഷ് പറഞ്ഞു.
തിരുവനന്തപുരത്ത് താമസിക്കുന്ന നടേഷ് – ഹേമലത ദമ്പതികളുടെ ഏക മകള്‍ കെന്‍സികയ്ക്ക് ജന്മനാ കേള്‍വി ഇല്ലായിരുന്നു. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിച്ചാല്‍ കുട്ടിയ്ക്ക് 90 ശതമാനത്തോളം കേള്‍വി വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനാണ് നരേഷ്. കുട്ടിക്ക് 5 വയസിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാരും അറിയിച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു കുടുംബം.
വരുന്ന 15നാണ് കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് എട്ടാം തിയതിക്കകം പണമടച്ചാല്‍ മാത്രമേ കുട്ടിയുടെ തലയില്‍ സ്ഥാപിക്കേണ്ട ഡിവൈസ് മുംബൈയില്‍ നിന്ന് എത്തിക്കാനാകുമായിരുന്നുള്ളു. തുക ലഭിച്ചതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനനുസരിച്ച് ശസ്ത്രക്രിയ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
2017ലാണ് കെന്‍സിക ജനിച്ചത്. തമിഴ്നാട്ടിലായിരുന്നു ജനനം. ജനന സമയത്ത് കൃത്യമായ പരിശോധനയ്ക്ക് ജനനം നടന്ന ആശുപത്രിയില്‍ സൗകര്യമുണ്ടായിരുന്നില്ല. എന്നാല്‍ കെന്‍സികയ്ക്ക് മൂന്ന് വയസായപ്പോഴാണ് മകള്‍ക്ക് മറ്റുള്ളവരേപ്പോലെ കേള്‍ക്കാന്‍ സാധിക്കില്ലെന്ന സത്യം ഇവര്‍ തിരിച്ചറിഞ്ഞത്.
Discussion about this post