ഗാന്ധിനഗര്‍: ‘അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേ’…പോലീസിനെ കണ്ടപാടെ നിലവിളിച്ച് എട്ടുവയസ്സുകാരന്. അമ്മ ചെയ്ത കുറ്റകൃത്യം പോലും മനസ്സിലാക്കാന്‍ ആവാത്ത കുഞ്ഞ്, അമ്മ പറഞ്ഞത് അനുസരിക്കുക മാത്രമേ ആ കുഞ്ഞ് മനസ്സ് ചെയ്തിട്ടുള്ളൂ, എന്നിട്ടും അവന്റെ മനസ്സ് ഏറെ നൊന്തു. ‘ആശുപത്രിയില്‍ പോയി വാവയെ വാങ്ങിക്കൊണ്ടുവരാം’ എന്ന് കുഞ്ഞുങ്ങളോട് പറയുന്ന തമാശ അവനോടും ചിലപ്പോള്‍ നീതു പറഞ്ഞുകാണും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതിനെച്ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് പോയത് പ്രതി നീതുരാജിന്റെ മകനാണ് എന്താണ് നടക്കുന്നതെന്നറിയാതെ വലഞ്ഞത്. അമ്മയെ അനുസരിച്ച അവന് ഈ സംഭവത്തെത്തുടര്‍ന്ന് ഏറെ വേദനയാണ് അനുഭവിക്കേണ്ടി വന്നത്.
അമ്മയോടൊപ്പം നാലാംതീയതി സന്തോഷത്തോടെയാണ് അവന് യാത്ര തിരിച്ചത്. എന്തിനാണ്, എങ്ങോട്ടാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു. എങ്കിലും കുട്ടി ആവേശത്തിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള യാത്രയും ഹോട്ടല്‍ ഭക്ഷണവുമെല്ലാം ബാലന് ആസ്വദിച്ചു.
Read Also: കെആര്‍ ഗൗരിയമ്മയുടെ 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരി മകള്‍ക്ക്
സംഭവ ദിവസവും അമ്മയുടെ കൂടെപ്പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവവിഭാഗത്തിന് മുന്നില്‍ കാത്തുനിന്നു. തിരികെ വന്ന അമ്മയുടെ കൈയില്‍ ഒരു തുണിപ്പൊതിയുണ്ടായിരുന്നു. അത് അവന്റെ അനുജത്തിയാണെന്ന് അമ്മ പറഞ്ഞുകാണും. അതിനാലാണ് സിസിടിവി ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന് സന്തോഷവാനായിരുന്നത്.
പക്ഷേ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. പോലീസ് മുറിയിലെത്തുന്നതും അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും അവന് കണ്ടു. ഇതിനിടയില്‍ കുട്ടി കരഞ്ഞുപറഞ്ഞു.
പിന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക്. ഒപ്പം എത്തിയ അമ്മയെ പോലീസുകാര്‍ കൊണ്ടുപോയതോടെ കുട്ടി കരയാന്‍ തുടങ്ങി. കാരണം അമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ.
വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി. എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു. ഇടയ്ക്ക് ഒരു തവണ അഞ്ചുമിനിറ്റ് അവന് അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക്. സങ്കടവും പേടിയും തോന്നിയ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മ എവിടെയെന്നറിയാതെ അവന് ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.
Discussion about this post