കോട്ടയം: പെറ്റമ്മയുടെ കൈകളില്‍ നിന്നും അടര്‍ത്തിമാറ്റി, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവള് അമ്മത്തണലിലേക്ക് തിരിച്ചെത്തി, പ്രതിസന്ധികളെ അതിജീവിച്ചവള്‍ ഇനി ‘അജയ’. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞിന് ‘അജയ’ എന്ന് പേരിട്ടു. കുഞ്ഞിനെ വീണ്ടെടുത്ത് നല്കിയ എസ്ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണിത്. അമ്മയെയും കുഞ്ഞിനെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
വണ്ടിപ്പെരിയാറിലെ ശ്രീജിത്ത്-അശ്വതി ദമ്പതിമാരുടെ മകളാണ് അജയ. പോരാട്ടങ്ങളെ അതിജീവിച്ചവളാണ് മകളെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതോടെയാണ് അജയ്യ എന്ന പേര് നിര്‍ദേശിച്ചതെന്ന് എസ്ഐ റെനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘കുട്ടിയെ തിരികെ ഏല്‍പ്പിച്ചപ്പോള്‍ പോലീസ് സേനയ്ക്ക് ലഭിച്ചത് ജീവശ്വാസമാണ്. ഏതാനും നാളുകളായി പോലീസ് സേനയിലെ ഒരോരുത്തരും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുകയായിരുന്നു. ഓരോ പോലീസുകാരനും ഇത് അഭിമാനിക്കാവുന്ന സംഭവമാണ്’- ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പോലീസ് അസോസിയേഷന് സംഘടിപ്പിച്ച മധുരവിതരണത്തിന് ശേഷം എസ്ഐ റെനീഷ് തന്റെ സന്തോഷം പങ്കുവെച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നാടകീയ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്. ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിയെടുക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കോട്ടയത്തെ വനിത ജയിലിലേക്ക് മാറ്റി. ഇന്ന് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്നുമാണ് ഡോക്ടറുടെ കോട്ട് വാങ്ങിയതെന്ന് നീതു പോലീസിനോട് പറഞ്ഞു. ഈ കടയിലും ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
നീതുവിന്റെ കാമുകന് ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.
നീതുവിനെയും ഏഴു വയസുകാരന് മകനെയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു. നീതുവിന്റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയിരുന്നു.
അതേസമയം, കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്.
ഇബ്രാഹിമുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് തന്റെ കുഞ്ഞാണെന്ന് പറഞ്ഞ് കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പോലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.
അതിനിടെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. പ്രതി നീതു കുഞ്ഞുമായി വാര്‍ഡില്‍നിന്ന് പോകുമ്പോള്‍ സുരക്ഷാജീവനക്കാരി അശ്രദ്ധമായി കസേരയില്‍ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ജീവനക്കാരിക്കെതിരേ നടപടി സ്വീകരിച്ചത്.
Discussion about this post