കൊച്ചി: നടനും എം.പിയുമായ സുരേഷ് ഗോപി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നിന്ന് നെയ്മീന്‍ വാങ്ങിയത് മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയത് ഞൊടിയിടയിലാണ് സോഷ്യല്‍മീഡിയയില്‍ ട്രോളായി മാറിയത്. സ്വന്തം ‘നെയ്മീനെന്താ വില?; ആറരക്കിലോ വാങ്ങി; പണം സ്വന്തം പോക്കറ്റില്‍ നിന്ന്; വിഡിയോ,’ എന്ന തലക്കെട്ടോടെ നല്‍കിയ വാര്‍ത്തയാണ് എയറില്‍ കയറിയത്.
ഇപ്പോള്‍ മനോരമ വാര്‍ത്തയ്ക്ക് പരിഹാസ രൂപേണ പിവി അന്‍വര്‍ എംഎല്‍എയും കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തി. ‘എത്രയായി എന്ന് ചോദിച്ച്, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്‍കി’ എന്ന തലകെട്ട് നല്‍കി ചായ കുടിക്കുന്ന ചിത്രം സഹിതമാണ് അന്‍വര്‍ മറുപടി നല്‍കിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനിനെ മെന്‍ഷെന്‍ ചെയ്തായിരുന്നു കുറിപ്പ്.
‘അടുത്തിടെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ കൊല്ലം ബൈപ്പാസിലെ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ചായ കുടിക്കുന്ന ഞാന്‍.. എത്രയായി എന്ന് ചോദിച്ച്, ഞാന്‍ തന്നെ എന്റെ പോക്കറ്റില്‍ നിന്ന് 8 രൂപ എടുത്ത് നല്‍കുകയുണ്ടായി!,’ എന്നാണ് അന്‍വര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
മനോരമ നല്‍കിയ വാര്‍ത്ത ഇങ്ങനെ
‘മീനിന്റെ വില ചോദിച്ചതും സുരേഷേട്ടാ ഇങ്ങോട്ട് വായോ എന്ന് കച്ചവടക്കാരുടെ മത്സരവിളി. പിന്നാലെ ഒരു കച്ചവടക്കാരന്റെ സമീപമെത്തി മീനുകളുടെ പേരും വിലയും ചോദിച്ചു. നെയ്മീന്‍ വാങ്ങാനും തീരുമാനിച്ചു. ആറരകിലോയാളം തൂക്കം വരുന്ന മീനാണ് അദ്ദേഹം വാങ്ങിയത്.
മൂവായിരം രൂപയ്ക്ക് അടുത്ത് വിലയും പറഞ്ഞു. പോക്കറ്റില്‍ നിന്നും കാശെടുത്ത ശേഷം പറഞ്ഞതിലും കൂടുതല്‍ തുക നല്‍കിയ ശേഷം ബാക്കി പണംകൊണ്ട് മറ്റുള്ളവര്‍ക്കെന്തെങ്കിലും വാങ്ങി നല്‍കാനും സുരേഷ് ഗോപി നിര്‍ദേശിച്ചു.’