തിരുവനന്തപുരം: അമ്മകടുവ ഉപേക്ഷിച്ച് പോയ ഇടുക്കി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ കടുവക്കുട്ടി ‘മംഗള’യ്ക്ക് തിമിരത്തിനുള്ള മരുന്ന് അമേരിക്കയില്‍ നിന്നും എത്തിച്ചു. കടുവക്കുഞ്ഞിന് വിദഗ്ധ ചികില്‍സ വേണമെന്ന് ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വിലയേറിയ തുള്ളി മരുന്നെത്തിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കടുവയ്ക്ക് ഈ മരുന്ന് നല്ക്കുന്നത്.
2020 നവംബറിലാണ് പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേവി വനത്തില്‍ രണ്ടുമാസം മാത്രം പ്രായമുള്ള അവശയായ കടുവക്കുഞ്ഞിനെ വനപാലകര്‍ കണ്ടെത്തിയത്. മംഗള എന്ന് പേരിട്ടു. കാടിന്റെ വന്യത ശീലിക്കുവാനും പതുക്കെ കാടിന്റെ ഭാഗമാക്കുവാനുമായി അവര്‍, അവളെ ഭക്ഷണം തേടി വേട്ടയാടി തിന്നാന്‍ പരിശീലിപ്പിച്ചു.
മംഗളയെ വനത്തിലേക്ക് തിരിച്ചു വിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കാഴ്ച്ച വീണ്ടെടുക്കാനായി ചികിത്സ തുടങ്ങി. വിദഗ്ദ സംഘം ലാനോ സ്റ്റെറോള്‍ നിര്‍ദ്ദേശിച്ചു. മൃഗങ്ങള്‍ക്കുണ്ടാകുന്ന തിമിരത്തിനുള്ള മരുന്നാണ് ലാനോ സ്റ്റെറോള്‍. മരുന്ന് നിര്‍മ്മിക്കുന്നത് അമേരിക്കയിലാണ്.
അമേരിക്കയില്‍ ഒരു കടുവയിലും കേരളത്തില്‍ ഒരു നാട്ടാനക്കും ഈ മരുന്നുപയോഗിച്ച് മുമ്പ് ചികിത്സ നല്‍കിയിട്ടുണ്ട്. ഒടുവില്‍ തങ്ങളുടെ വളര്‍ത്തുമകള്‍ക്കായി 16,000 രൂപ വിലയുള്ള മരുന്ന് വാങ്ങാന്‍ തന്നെ വനം വകുപ്പ് തീരുമാനിച്ചു.
മംഗളയ്ക്ക് ഇന്ന് ലാനോ സ്റ്റെറോള്‍ നല്കി. ഇനി ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടര്‍മാരുടെ സംഘം മംഗളയെ വീണ്ടും പരിശോധിക്കും. അവളുടെ രോഗം പൂര്‍ണമായി ഭേദമായോ എന്ന പരിശോധനയാകും പ്രധാനമായും നടക്കുക. ഇരു കണ്ണിനും പഴയ പോലെ കാഴ്ച ശക്തി കിട്ടിയാല്‍ മാത്രമേ അവളെ വനത്തിലേക്ക് സ്വതന്ത്രമായി വിടൂ.
അമ്മയുടെ പരിശീലനമില്ലാതെ വളര്‍ന്ന കടുവയായതിനാല്‍ കാടിന്റെ രീതി ശാസ്ത്രങ്ങള്‍ അവള്‍ക്ക് അന്യമായിരിക്കും. അത്തരം പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും മംഗളയ്ക്കില്ല. വേട്ടയാടി ഇര പിടിക്കുന്നുണ്ട്. 40 കിലോ തൂക്കവുമുണ്ട്. തിമിരം ഭേദമായാല്‍ അവള്‍ക്ക് സ്വതന്ത്രമായി കാടുകയറാം.
Discussion about this post