പത്തനംതിട്ട: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു എന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് സൂര്യ ദേവാര്‍ച്ചന എന്ന യുവതിയെ പിരിച്ചുവിട്ടത്.
ശബരിമലയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഭീഷണി നില്‍ക്കുന്ന സാഹചര്യത്തില്‍ മാലയിട്ട് വ്രതം നോക്കി മലയ്ക്ക് പോകാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. ഇതിന് പിറകെയാണ് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
സുപ്രീംകോടതി ഉത്തരവ് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയെന്നും പ്രാര്‍ത്ഥനയോടെ പൂജിച്ച് തന്ന മാലയിട്ടുവെന്നും അവര്‍ വ്യക്തമാക്കിരുന്നു. കൂടാതെ തനിക്ക് സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും വേണ്ട സുരക്ഷ കിട്ടുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം മാലയിടുന്നതിന്റെ ചിത്രവും ദേവര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു.
ഇന്ന് വൈകുന്നേരം തുലാമാസ പൂജകള്‍ക്കായി നടതുറക്കാനിരിക്കെ സന്നിദാനത്തേക്കെത്തുന്ന യുവതികളെ തടഞ്ഞുകൊണ്ട് നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം ശക്തമായി. വലിയ രീതിയിലുളള പോലീസ് സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനിടയില്‍ റിപ്പബ്ലിക്കന്‍ ചാനലിന്റെ കാര്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി.
Discussion about this post