കൊല്ലം: ‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ….ഏഴുപേരിലൂടെ ജീവിക്കുകയല്ലേ’ വിനോദിന്റെ വിയോഗം താങ്ങാനാവാത്ത വേദനയിൽ നെഞ്ചുപൊട്ടി ഭാര്യ സുജാതയുടെ വാക്കുകളാണ് ഇത്. കൂടിനിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുകയായിരുന്നു സുജാതയുടെ വിങ്ങൽ. ‘ ഈ കുടുംബത്തിന്റെ നെടുംതൂണാണു നഷ്ടമായത്. എങ്കിലും ഏഴുപേർക്കു ജീവിതം കിട്ടുമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ അവയവദാനത്തിനു സമ്മതിച്ചു. അദ്ദേഹം മരിച്ചിട്ടില്ലെന്നു സമാധാനിക്കാമല്ലോ…’ എന്നും സുജാത പറഞ്ഞ് നിലവിളിച്ചു.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു ശേഷം കൈകൾ ദാനം ചെയ്യാനായി മാറ്റുന്നതിനു സാക്ഷിയായിരുന്നു സുജാതയും മകൾ നീതുവും. ആ കൈകൾ സ്വീകരിക്കുന്നയാളെ ഒന്നു കാണണമെന്നു മാത്രം സുജാത ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു.’ അച്ഛന്റെ കൈകൾ എനിക്കൊന്നു കൂടി ചേർത്തുപിടിക്കണമെന്ന് നെഞ്ചുപൊട്ടി മകൾ നീതുവും പറഞ്ഞു. ഇതും വേദനയ്ക്കിടയാക്കി.
ഡിസംബർ 30ന് അപകടത്തിനു തൊട്ടുമുൻപും വിനോദ് സുജാതയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കടമ്പനാട്ടായിരുന്നു അവർ. വീട്ടിലേക്കു പോകുകയാണ് എന്നു പറഞ്ഞു ഫോൺ വച്ച വിനോദിന് പിന്നീട് അപകടം സംഭവിച്ചതായാണ് സുജാത അറിഞ്ഞത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെത്തുടർന്നു പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണു മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
മസ്തിഷ്‌ക മരണം സംഭവിച്ചതോടെ വിനോദിന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന് കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. കൈകൾ ഉൾപ്പടെ 7 അവയവങ്ങളാണ് വിനോദിന്റെ ദാനം ചെയ്തത്. കൈകൾ കർണാടക സ്വദേശിയായ യുവാവിനാണ് വെച്ചുപിടിപ്പിക്കുന്നത്.