തിരുവനന്തപുരം: ജന്മനാ ഇരുചെവികൾക്കും കേൾവി ശക്തി ഇല്ലാതെ ജനിച്ച കെൻസികയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടി നരേഷ്-ഹേമലത ദമ്പതികൾ. ഇരുവരുടെയും ഏക മകൾ ആണ് കെൻസിക.
കുട്ടിക്ക് ജന്മനാ കേൾവി ശക്തി കുറവാണ്. കോക്ലിയർ ഇംപ്ലാന്റ് സ്ഥാപിച്ചാൽ കുട്ടിയ്ക്ക് 90 ശതമാനത്തോളം കേൾവി വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇതിനായി 35 ലക്ഷം രൂപയോളം ചെലവാകും. സ്വകാര്യ ഹോട്ടൽ ജീവനക്കാരനാണ് നരേഷ്. കുട്ടിക്ക് 5വയസിനുള്ളിൽ തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാരും അറിയിച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് നരേഷ്.
തന്റെ വരുമാനവും സുഹൃത്തുക്കളുടെ സഹായവും ചേർന്നിട്ടും കൂട്ടിയാൽ പോലും ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കുടുംബം സുമനസുകളുടെ സഹായം തേടുന്നത്. 2017ലാണ് കെൻസിക ജനിച്ചത്. തമിഴ്നാട്ടിലായിരുന്നു ജനനം. ജനന സമയത്ത് കൃത്യമായ പരിശോധനയ്ക്ക് ജനനം നടന്ന ആശുപത്രിയിൽ സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ കെൻസികയ്ക്ക് മൂന്ന് വയസായപ്പോഴാണ് മകൾക്ക് മറ്റുള്ളവരേപ്പോലെ കേൾക്കാൻ സാധിക്കിലെന്ന സത്യം ഇവർ തിരിച്ചറിഞ്ഞത്.
അപ്പോഴേക്കും കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ മകളുടെ ചികിത്സയും മുടങ്ങി. ഇപ്പോൾ സുഹൃത്തുക്കളും മറ്റും ചേർന്ന് പരിശ്രമിച്ച് 15 ലക്ഷത്തോളം രൂപ സമാഹരിച്ചു. എന്നാൽ കെൻസികയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട ഡിവൈസിന് 31 ലക്ഷത്തിന് മുകളിൽ ചെലവ് വരും.
വരുന്ന 15നാണ് കോക്ലിയർ ഇംപ്ലാന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് എട്ടാം തിയതിക്കകം പണമടച്ചാൽ മാത്രമേ കുട്ടിയുടെ തലയിൽ സ്ഥാപിക്കേണ്ട ഡിവൈസ് മുംബൈയിൽ നിന്ന് എത്തിക്കാനാകു. ചില ശബ്ദങ്ങൾ മാത്രമെ കെൻസികയ്ക്ക് കേൾക്കാൻ സാധിക്കു. കെൻസികയ്ക്ക് സുമനസുകളുടെ സഹായമുണ്ടാകുമെന്നാണ് ഈ ദമ്പതികൾ പ്രതീക്ഷിക്കുന്നത്. ഇതിനായി എസ്ബിഐയുടെ മണക്കാട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
40560984509 അക്കൗണ്ട് നമ്പർ. ഐഎഫ്എസ്സി കോഡ് SBIN0070024.