തിരുവനന്തപുരം: വനിത മാഗസിന്റെ കവര്‍ ഫോട്ടോയില്‍ നടന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ചതിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലും മറ്റും ഒന്നടങ്കം വിമര്‍ശനം കടുക്കുകയാണ്. ഇപ്പോള്‍ രൂക്ഷ പ്രതികരണവുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന വനിത, എങ്ങനെയാണ് ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്ത ഒരാളെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ധന്യ തുറന്നടിച്ച് ചോദിക്കുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ വിമര്‍ശനം രേഖപ്പെടുത്തിയത്. ചിത്രത്തില്‍ കാണുന്ന വ്യക്തി ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മാസിക ഇത്തരമൊരു ചിത്രത്തോടെ പ്രസിദ്ധീകരിക്കുന്നതെന്ന് ധന്യ കുറിക്കുന്നു.
‘മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം, അവ ചാരിറ്റി ഹൗസുകളല്ല. അതെനിക്കറിയാം. മനോരമ ഗ്രൂപ്പിന്റെ രണ്ട് ശതമാനം പോലും വലുതല്ലാത്ത ഒരു മാധ്യമ സ്ഥാപനം ഞാന്‍ നടത്തുന്നുണ്ട്. പക്ഷെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാം, ഒരു മാധ്യമ സ്ഥാപനവും, മനോരമയെ പോലെ ശക്തരായ ഒരു സംഘടനയും ഇങ്ങനെ ചെയ്യരുത്.
അല്ലാതെ തന്നെ നിങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കാമെന്നും ധന്യ തുറന്നടിച്ചു. സ്ത്രീകളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുമൊപ്പം നിര്‍ക്കാന്‍ മാധ്യസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും തുടരന്വേഷണത്തില്‍ ദിലീപ് കുറ്റവിമുക്തനായേക്കാമെന്നും, അദ്ദേഹത്തെ വെള്ള പൂശാന്‍ ശ്രമിച്ചുകൊണ്ടികരിക്കുന്ന എല്ലാവര്‍ക്കും അപ്പോള്‍ ആഘോഷിക്കാമെന്നും അതുവരെ അടിസ്ഥാന മര്യാദ പാലിക്കണമെന്നും ധന്യ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പുതിയ ആരോപണങ്ങളും ഫോണ്‍സംഭാഷണങ്ങളും പുറത്തുവന്ന വേളയില്‍ അന്വേഷണം മുറുകി നില്‍ക്കുന്ന വേളയിലാണ് ദിലീപിന്റെ കുടുംബസമേതമുള്ള ചിത്രം കവര്‍ ഫോട്ടോയായി എത്തിയത്. സോഷ്യല്‍മീഡിയയില്‍ ട്രോളുകളും നിറഞ്ഞു കഴിഞ്ഞു.