തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായി ഒന്നര വര്‍ഷത്തിന് ശേഷം തിരികെ സർവീസിൽ പ്രവേശിച്ച എം ശിവശങ്കറിന്റെ പദവി നിശ്ചയിച്ചു. സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയാണ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സർവീസിൽ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും എന്ത് ചുമതലയാകും നല്‍കുകയെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നീടാണ് പദവി തീരുമാനിച്ചത്.
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധംപുറത്തു വന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ കേസിൽ പ്രതിയായി.
ഇഡിയും കസ്റ്റംസും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ശിവശങ്കർ 98 ദിവസം ജയിലിൽ കഴിഞ്ഞു. എല്ലാ കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനാകാന്‍ 2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കറിന് സാധിച്ചത്. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സർവീസ് കാലാവധി.
Discussion about this post