‘സപ്ലൈ കേരള’ ഓൺലൈൻ വിൽപ്പന ഇനി കോഴിക്കോടും; മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും

supply-kerala_

കോഴിക്കോട്: മാറുന്ന കാലത്ത് സപ്ലൈകോയും ഓൺലൈനായത് ജനങ്ങൾക്ക് വലിയ സഹായമായതോടെ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു. ‘സപ്ലൈ കേരള’ എന്ന ആപ്പിലൂടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും ഓൺലൈൻ വിൽപ്പനയും വിതരണവും സാധ്യമാക്കുന്നതിനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.

തൃശ്ശൂരിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ തുടക്കം കുറിച്ച പദ്ധതി ഇനി കോഴിക്കോട്ടേക്കും എത്തുകയാണ്. കോഴിക്കോട് ജില്ലയിലെ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 7ന് രാവിലെ 10മണിക്ക് സിവിൽ സ്റ്റേഷനിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ചടങ്ങിൽ സ്ഥലം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

ഈ പുതുവർഷത്തിലാണ് സപ്ലൈകോ ഓൺലൈൻ വിൽപ്പന-വിതരണ മേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചിരിക്കുന്നത്. ഡിസംബർ 11ന് തൃശ്ശൂരിലാണ് സപ്ലൈകോ സംസ്ഥാനത്ത് ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും ആദ്യഘട്ടം ആരംഭിച്ചത്. തൃശ്ശൂർ കോർപറേഷനിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. ജനങ്ങൾ ഏറ്റെടുത്തതോടെ പദ്ധതി കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കുകയാണ്.

‘സപ്ലൈ കേരള ‘ എന്ന ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റ് തെരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ ഓർഡർ ചെയ്യാനാകും.’സപ്ലൈ കേരള’ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈനായി ഓർഡർ ചെയ്യുന്നത് വഴി ക്യൂ നിൽക്കാതെ സമയവും പണവും ലാഭിച്ച് വീട്ടിലിരുന്ന് ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാനാകും. സപ്ലൈകോയിലൂടെ വീട്ടുപടിക്കൽ എത്തിച്ചേരുന്നത് കോവിഡ് മഹാമാരിയുടെ കാലത്ത് വലിയ സഹായം കൂടിയാവുകയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്ക് ഹോം ഡെലിവറി ലഭ്യമാകും.

ആദ്യഘട്ടത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്തെ അപ്ന ബസാർ, കോഴിക്കോട് മാവൂർ റോഡിലെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.

സപ്ലൈ കേരള ആപ്പ് വഴി ഓർഡർ ചെയ്യുന്ന എല്ലാ ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും എംആർപിയിൽ നിന്നും 5% മുതൽ 30% വരെ വിലക്കിഴിവ് സപ്ലൈകോ ഉറപ്പ് നൽകുന്നുണ്ട്. ഒപ്പം, എല്ലാ ഓൺലൈൻ ബില്ലുകൾക്കും 5% കിഴിവ്, ഓരോ 1000 രൂപയ്‌ക്കോ അതിനു മുകളിലോ വരുന്ന ബില്ലിന് 5% കിഴിവിനൊപ്പം 1 കിലോ സപ്ലൈകോ ചക്കി ഫ്രഷ് ഹോൾ വീറ്റ് ആട്ടയും സൗജന്യമായി ലഭിക്കുന്നു.

ഓരോ 2000 രൂപയ്‌ക്കോ അതിനു മുകളിലോ വരുന്ന ബില്ലിന് 5% കിഴിവിനൊപ്പം 250 ഗ്രാം ശബരി ഗോൾഡ് തേയിലയും, ഓരോ 5000 രൂപയ്‌ക്കോ അതിനു മുകളിലോ വരുന്ന ബില്ലിന് 5% കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും ലഭിക്കുന്നതായിരിക്കും.

ഇതിനിടെ, വിപണി ഇടപെടലിന് കൂടുതൽ ഊന്നൽ നൽകി സപ്ലൈകോ ഇത്തവണയും വിജയകരമായി ക്രിസ്തുമസ്-പുതുവത്സര ഫെയറുകൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാ ഫെയറുകളും, സപ്ലൈകോയുടെ ഹൈപ്പർ പീപ്പിൾസ്, സൂപ്പർ മാർക്കറ്റുകൡലൂടെ പ്രത്യേക ഫെയറുകളും സംഘടിപ്പിച്ചത് ഉത്സവകാല വിലക്കയറ്റം
ഫലപ്രദമായി തടയുന്നതിന് സഹായകരമായി.

Also Read-സപ്ലൈ കേരള! സപ്ലൈകോയിലൂടെ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും; ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉറപ്പുനൽകി മന്ത്രി ജിആർ അനിൽ

കൂടാതെ വില നിയന്ത്രണത്തിനായി എല്ലാ താലൂക്കുകളിലും പ്രത്യേക മൊബൈൽ മാവേലി വാഹനങ്ങൾ എത്തിച്ച് സാധനങ്ങൾ വിതരണം ചെയ്തത് പ്രത്യേക ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Exit mobile version