തിരുവനന്തപുരം: തുടര്‍ച്ചയായി തനിക്കെതിരെ ആക്രമണം നടക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരളം വിടുന്നെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോഴിക്കോട് നടന്ന ആക്രമണത്തില്‍ പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
കേരളത്തില്‍ ഇപ്പോഴുള്ളത് അരക്ഷിതാവസ്ഥയാണെന്നും ഇവിടെ നിന്നും താമസം മാറുകയാണെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്ത്രീയും ദളിതുമായതുകൊണ്ട് നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. കേരളം വിട്ടാണ് താന്‍ പ്രതിഷേധിക്കുകയെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിക്കെതിരെ പോലീസ് ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താന്‍ ദലിത് സ്ത്രീയായതുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി പോലീസ് സംരക്ഷണം പിന്‍വലിച്ചത്. വിശ്വാസികളുടെ പിന്തുണ കാത്തിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇനി പരാതി നല്‍കാനില്ല. ആദിവാസികളും ദളിതരും പരാതിക്കാരായി വരുന്ന കേസുകളില്‍ എങ്ങനെ ആണോ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ.
ശരിയായ അന്വേഷണം ഇല്ല. നടപടികള്‍ ഇല്ല. എന്ത് സുരക്ഷ ആണ് കേരളം ഉറപ്പാക്കുന്നത്. എറണാകുളം കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എന്നെ തടഞ്ഞു വെച്ചു സുരക്ഷ ഒരുക്കിയ പോലീസ്. ഞാന്‍ ആക്രമിക്കപ്പെടാതെ ഇരിക്കാന്‍ എന്നെ തടഞ്ഞു വെക്കുക.
ആക്രമികളെ സ്വതന്ത്രമായി വിടുക. കേരളം സ്ത്രീകള്‍ക്കും ദളിതര്‍ക്കും സുരക്ഷിതമല്ല എന്ന് ഉറപ്പായിരിക്കുന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവന്‍ അക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നെന്നും ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയ്ക്ക് നേരെ കോഴിക്കോട് ബീച്ചില്‍ വെച്ച്
ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
അതേസമയം, ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. ആക്രമണത്തില്‍ ഇയാള്‍ക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയില്‍ പൊലീസാണ് മോഹന്‍ ദാസിനെ കണ്ടെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നും കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേരള സര്‍ക്കാരിന്റെ പ്രത്യേക സുരക്ഷ ലഭിച്ചു കൊണ്ടിരിക്കുന്ന ദളിത് സ്ത്രീ ആണ്. സിപിഎം വിലക്ക് എടുത്തു ശബരിമലകയറ്റിയവള്‍ എന്ന് രാഷ്ട്രീയ താല്പര്യമുള്ളവരുടെ ആരോപണം നേരിട്ടുകൊണ്ടിരിക്കുന്നു. അത് സിപിഎം അനുഭാവികള്‍ പോലും വിശ്വസിച്ചു പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ ബിന്ദു അമ്മിണി എന്ന ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി യിലും മെമ്ബര്‍ അല്ല. വിശ്വാസത്തിന്റെ പേരില്‍ സിപിഎം, സിപിഐ തുടങ്ങി ഒരു ഇടതു പക്ഷ പാര്‍ട്ടി യും എന്നെ അടുപ്പിക്കാന്‍ തയ്യാറല്ല. എന്നെ പിന്തുണച്ചാല്‍ ജനകീയ പിന്തുണ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് എന്നെ തീര്‍ത്തും ഒഴിവാക്കാന്‍ തീരുമാനിച്ചവര്‍ എന്റെ ജീവന്‍ നഷ്ടപ്പെവടേണ്ടി വന്നാലും ഒരു പ്രധിക്ഷേധകുറിപ്പ് പോലും ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
പിന്നെ കോണ്‍ഗ്രസ് -സംഘപരിവാര്‍ സംഘടനകള്‍ നിലപാടു വ്യക്തം ആണല്ലോ. ഭക്തിയുടെ പേരില്‍ തല തല്ലി പ്പൊളിക്കാന്‍ നടക്കുന്നവര്‍. ഭരണകൂടത്തിന്റെ ഒത്താശ ലഭിക്കും എന്ന ഉറപ്പിനാല്‍ വീണ്ടും വീണ്ടും ആക്രമണത്തിന് മുതിരുന്നവരും അവരെ പിന്തുണക്കുന്നവരും.
ലിംഗ നീതി നടപ്പാക്കിന്നതിനു ചെറുതാല്ലാത്ത ഇടപെടല്‍ നടത്തിയ എന്നെ ആക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന കേരള പോലീസിനെ ന്യായീകരിക്കാന്‍ എനിക്കാവുന്നില്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നില നില്‍ക്കെ ആണ് ഞാന്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരേ ഉത്തരവിന്‍ പ്രകാരം ആണ് എനിക്കും കനക ദുര്‍ഗക്കും സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിന് ഉത്തരവാദിത്വം ഉള്ളത്.
എന്നാല്‍ എന്റെ ഒപ്പം സുരക്ഷ യ്ക്കായി ഉണ്ടായിരുന്ന വനിതാ പോലീസ് എന്നെ ഒരു പ്രതിയെ പോലെ കണക്കാക്കി പെരുമാറിയ സാഹചര്യത്തിലാണ് എനിക്ക് അവര്‍ക്കു എതിരെ പരാതി നല്‍കേണ്ടി വന്നത്. പരാതിക്കാരിക്ക് നീതി ലഭ്യമാക്കുന്നതിനു പകരം പ്രൊട്ടക്ഷന്‍ തന്നെ പിന്‍വലിച്ചു പ്രതികാരം തീര്‍ക്കുകയാണ് കേരള പോലീസ് ചെയ്തത്. പ്രൊട്ടക്ഷന്‍ പിന്‍വലിച്ചത് സംബന്ധിച്ച് യാതൊരു അറിയിപ്പും നാളിതുവരെ ലഭിച്ചിട്ടില്ല.
ഇതില്‍ നിന്നും എന്താണ് ഞാന്‍ മനസ്സിലാക്കേണ്ടത് എന്റെ ദളിത് ഐഡന്റിയുടെ പേരില്‍ ഉള്ള വിവേചനം ആയിട്ടല്ലാതെ മറ്റെന്താണ്. സാമ്ബത്തികമായി ഒരുപാട് മെച്ചപ്പെട്ട അവസ്ഥയില്‍ നില്‍ക്കുന്ന ആളല്ല ഞാന്‍. സുരക്ഷയ്ക്ക് വേണ്ടി കാറും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാന്‍ ആവില്ല. സാധാരണ പൗരന്റെ ജീവന് യാതൊരു വിലയുമില്ല എന്നും. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഉള്ളവരുടെ ജീവന്‍ മാത്രമേ സംരക്ഷിക്കപ്പെടേണ്ടതുള്ളൂ എന്നും പറയാതെ പറയുകയാണ് കേരളാ പോലീസ്.
ഇനി ആക്രമണം നടന്ന ശേഷം ഉള്ള പോലീസിന്റെ സമീപനമോ. ആദിവാസികളും ദളിതരും പരാതിക്കാരായി വരുന്ന കേസുകളില്‍ എങ്ങനെ ആണോ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ. ശരിയായ അന്വേഷണം ഇല്ല. നടപടികള്‍ ഇല്ല. എന്ത് സുരക്ഷ ആണ് കേരളം ഉറപ്പാക്കുന്നത്. എറണാകുളം കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എന്നെ തടഞ്ഞു വെച്ചു സുരക്ഷ ഒരുക്കിയ പോലീസ്. ഞാന്‍ ആക്രമിക്കപ്പെടാതെ ഇരിക്കാന്‍ എന്നെ തടഞ്ഞു വെക്കുക. ആക്രമികളെ സ്വതന്ത്രമായി വിടുക.
കേരളം സ്ത്രീകള്‍ക്കും ദളിതര്‍ക്കും സുരക്ഷിതമല്ല എന്ന് ഉറപ്പായിരിക്കുന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവന്‍ അക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
NB: സേഫ് സോണ്‍ ആക്ടിവിസ്റ്റ് കളും വ്യത്യസ്ഥരല്ല. എനിക്ക് വേണ്ടി സംസാരിച്ചു അപകടത്തില്‍ പെടാന്‍ തയ്യാറല്ലാത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ.
എന്നെ ആക്രമിക്കുന്നവരെ ഞാന്‍ തന്നെ നേരിടാം എന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞു വരേണ്ട. മറ്റു നിവര്‍ത്തി ഇല്ലാഞ്ഞിട്ടാണ്. സ്വയം രക്ഷ നോക്കേണ്ടേ.