ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായി വിനോദ്; കരങ്ങള്‍ കര്‍ണാടക സ്വദേശിക്ക് തുന്നിച്ചേര്‍ക്കും, വലിയ മാതൃക

കൊച്ചി; എഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിനോദ് യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി ചെമ്പ്യാപിള്ള തൊടിയില്‍ വീട്ടില്‍ എസ്. വിനോദിന്റെ (51) കൈകള്‍ ഉള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്തത്. വിനോദിന്റെ കരങ്ങള്‍ തുണയാകുന്നത് കര്‍ണാടക സ്വദേശിയായ യുവാവിനാണ്.

വിനോദിന്റെ ഹൃദയം ചെന്നൈ എം.ജി.എം. ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ തിരുവന്തപുരം ഗവ. കണ്ണാശുപത്രിയിലുമാണ് മാറ്റിവയ്ക്കുന്നത്.

‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ ഭാര്യയെ കണ്ടെത്താൻ പരസ്യബോർഡ് സ്ഥാപിച്ച് മുഹമ്മദ് മാലിക്, സ്വന്തമായി വെബ്‌സൈറ്റും!

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമെത്തിച്ച കൈകള്‍ യുവാവിന് തുന്നിച്ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ ആരംഭിച്ചു. ഡിസംബര്‍ 30-നാണ് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിനോദിന് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ബുധനാഴ്ച പുലര്‍ച്ചെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. ശസ്ത്രക്രിയയും മറ്റും പൂര്‍ത്തിയാക്കി വൈകീട്ട് 3.45 – ഓടെ ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി. 4.05-ന് കൈകളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കും പറന്നു.

അഞ്ച് മണിക്കാണ് ഇടപ്പള്ളിയിലെ സ്വകാര്യ ഹെലിപാഡിലിറങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കൈകളുമായി ആംബുലന്‍സില്‍ അമൃത ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. പ്രൊഫസര്‍ ഡോ. മോഹിത് ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയ മണിക്കൂറുകള്‍ നീളുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Exit mobile version