തിരുവനന്തപുരം: ഏഴ് പേര്‍ക്ക് ജീവിതം സമ്മാനിച്ച് 54കാരനായ വിനോദ് യാത്രയായി,
കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ വിനോദ് സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ വിനോദില്‍ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്.
കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ വിനോദ് ഡിസംബര്‍ 30നാണ് അപകടത്തില്‍പ്പെടുന്നത്. കൊല്ലത്ത് കല്ലും താഴത്തിനും ബൈപ്പാസിനും ഇടയ്ക്ക് വച്ചായിരുന്നു അപകടം. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഇന്നലെയാണ് സ്ഥിരീകരിച്ചത്.
‘ആരുടെയെങ്കിലും ശരീരത്തില്‍ ജീവനോടെ ഇരിക്കുന്നത് ഞങ്ങള്‍ക്ക് കാണണ്ടേ? ഞങ്ങള്‍ക്കോ നഷ്ടപ്പെട്ടു..മറ്റുള്ളവരുടെ ഹൃദയത്തിലൊക്കെയായി ജീവിക്കട്ടെ…മറ്റൊന്നും വേണ്ട..ഞങ്ങളെ ഒന്ന് വല്ലപ്പോഴും കാണുവോ, വിളിക്കുവോ ചെയ്താല്‍ മതി. ആ മനുഷ്യന്‍ അവരിലൂടെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതിയാണ്. ആ ഏഴ് പേരുടേയും പ്രാര്‍ത്ഥന ഞങ്ങളുടെ കുടുംബത്തിനും ആ ആത്മാവിനും മതി…’ വിനോദിന്റെ ഭാര്യ സുജാത ഹൃദയം നുറുങ്ങുന്ന വേദനയിലും പറയുന്നു.
വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തന്നെ ഉപയോഗിക്കും. കൈകള്‍ രണ്ടും (ഷോള്‍ഡര്‍ മുതല്‍) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകള്‍ (കോര്‍ണിയ) (രണ്ടും) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നല്‍കിയത്. കരള്‍ കിംസിലേക്കും കൈമാറി.
വിനോദിന്റെ കൈകളുമായുള്ള ഹെലികോപ്ടര്‍ കൊച്ചിയില്‍ എത്തിച്ചു. പതിനാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയിലൂടെയാണ് വിനോദിന്റെ കൈകള്‍ കര്‍ണാടക സ്വദേശിക്കാണ് നല്‍കുന്നത്. ശസ്ത്രക്രിയയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്.
മുന്‍പും അവയവദാനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇതാദ്യമാണ്.
വിനോദിന്റെ മകള്‍ ഗീതു അര്‍ബുദരോഗത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ചികിത്സയിലൂടെ ഗീതു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കെയാണ് വിനോദിന് അപകടം സംഭവിക്കുന്നത്. വിനോദിനും ഭാര്യ സുജാതയ്ക്കും രണ്ട് പെണ്‍മക്കളാണ് ഗീതുവും നീതുവും.
മന്ത്രി ആന്റണി രാജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടെത്തി അവയവദാനത്തിനു സന്നദ്ധത കാട്ടിയ വിനോദിന്റെ ബന്ധുക്കളെ ആദരവറിയിച്ചു. കുടുംബനാഥന്റെ വേര്‍പാട് സൃഷ്ടിച്ച തീരാവേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കാണിച്ച സന്മനസിന് വിനോദിന്റെ ഭാര്യ സുജാതയെയും മക്കളായ ഗീതുവിനെയും നീതുവിനെയും മന്ത്രി നന്ദി അറിയിച്ചു.